നേതാജിയുടെ മരണത്തീയതി പരാമര്‍ശിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്; തിരോധാനവുമായി ബന്ധപ്പെട്ട സങ്കടം എന്നും നിലനില്‍ക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി

നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ മരണത്തീയതി പരാമര്‍ശിച്ച ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ പരാതിയില്‍ കൊല്‍ക്കത്ത പൊലീസാണ് രാഹുല്‍ ഗാന്ധിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തെക്കന്‍ കൊല്‍ക്കത്തയിലെ ഭവാനീപൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

സുഭാഷ് ചന്ദ്ര ബോസിന്റ ജന്മദിനമായ ജനുവരി 23ന് രാഹുല്‍ ഗാന്ധി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിന്റെ കൂടെയുള്ള പോസ്റ്ററില്‍ നേതാജിയുടെ മരണ തീയതിയായി 1945 ആഗസ്ത് 18 എന്ന് ചേര്‍ത്തിരുന്നു. രാഹുല്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

നേതാജിയുടെ മരണതീയതി പ്രഖ്യാപിച്ച രാഹുല്‍ ക്ഷമാപണം നടത്തണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുനാല്‍ ഘോഷും പറഞ്ഞു. അതേസമയം, സുഭാഷ് ചന്ദ്ര ബോസിന്റെ ജനന തീയതി അറിയാമെങ്കിലും മരണ തീയതി ആര്‍ക്കും അറിയില്ലെന്നും അദ്ദേഹത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട സങ്കടം എക്കാലവും നിലനില്‍ക്കുമെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി. നേതാജിയുടെ മരണതീയതി പ്രഖ്യാപിച്ച രാഹുല്‍ ക്ഷമാപണം നടത്തണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.