ജസ്റ്റിസ് വർമ്മയുടെ വീട്ടിൽ നോട്ടുകെട്ടുകൾ കണ്ടുവെന്ന് ഫയർഫോഴ്‌സും പൊലീസും; നിർണായക മൊഴി നൽകി, എന്തുകൊണ്ട് പിടിച്ചെടുത്തില്ലെന്ന് അന്വേഷണ കമ്മീഷൻ

ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ നോട്ടുകെട്ടുകൾ കണ്ടിരുന്നുവെന്ന നിർണായക മൊഴി നൽകി അഗ്നിരക്ഷാസേനയും പൊലീസും. വീട്ടിൽ പണമുണ്ടായിരുന്നുവെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതിക്കു മുൻപാകെ പൊലീസും അഗ്നിരക്ഷാസേനയും മൊഴി നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. പണമൊന്നും കണ്ടെത്തിയെന്ന് പറഞ്ഞിട്ടില്ലെന്നായിരുന്നു നേരത്തെ അഗ്നിരക്ഷാസേനാ ഉന്നതോദ്യോഗസ്ഥൻ പറഞ്ഞത്.

ഡൽഹി പോലീസ് കമ്മിഷണർ സഞ്ജയ് അറോറ, ഡിസിപി ദേവേഷ് മഹല, അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ എന്നിവരാണ് സമിതിക്കു മുൻപാകെ മൊഴി നൽകിയത്. കണ്ടെത്തിയ പണം എന്തുകൊണ്ട് പിടിച്ചെടുത്തില്ല, സംഭവം ആദ്യം കണ്ടെത്തിയവരുടെ വീഡിയോ ക്ലിപ്പുകൾ എന്തുകൊണ്ട് ഇല്ലാതാക്കി എന്നീ ചോദ്യങ്ങളും സമിതി ചോദിച്ചു.

Read more

അതേസമയം സംഭവത്തെത്തുടർന്ന് യശ്വന്ത് വർമ്മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് മാറ്റിയിരുന്നു. മാർച്ച് 14നാണ് വർമയുടെ വസതിയിൽ തീപ്പിടിത്തമുണ്ടായത്. പിന്നാലെ വസതിയിൽ പണം കണ്ടെത്തിയെന്ന വിവരവും പുറത്തുവന്നു. ജസ്റ്റിസ്‌ വർമ്മയുടെ ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയതിനെത്തുടർന്നാണ് സുപ്രീംകോടതി ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചത്.