കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

കന്യാകുമാരിയില്‍ രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ കടലില്‍ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. തിരുച്ചിറപ്പള്ളി എസ്ആര്‍എം കോളേജിലെ വിദ്യാര്‍ത്ഥികളായ തഞ്ചാവൂര്‍ സ്വദേശിനി ചാരുകവി, നെയ്‌വേലി സ്വദേശിനി ഗായത്രി, ആന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ്, ദിണ്ടിഗല്‍ സ്വദേശി പ്രവീണ്‍ സാം, കന്യാകുമാരി സ്വദേശി സര്‍വദശിത് എന്നിവരാണ് മരിച്ചത്.

അപകടത്തില്‍പ്പെട്ട കരൂര്‍ സ്വദേശിനി നേഷി, തേനി സ്വദേശി പ്രീതി പ്രിയങ്ക, മധുര സ്വദേശി ശരണ്യ എന്നിവരെ രക്ഷപ്പെടുത്തി. ഇവരെ ആശാരിപള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് വിദ്യാര്‍ത്ഥികള്‍ സുഹൃത്തിന്റെ സഹോദരന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ കന്യാകുമാരിയില്‍ എത്തിയത്.

കടല്‍ക്ഷോഭ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ ബീച്ചില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്ന് തെങ്ങിന്‍ തോപ്പിലൂടെയാണ് വിദ്യാര്‍ത്ഥി സംഘം ബീച്ചിലെത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം തുടരുന്നതായി കന്യാകുമാരി പൊലീസ് വ്യക്തമാക്കി.