രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ ക്രമാനുഗതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിമാനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). മാസ്‌ക് ധരിക്കാതെയും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയും വിമാനത്താവളത്തിലും വിമാനത്തിലും പ്രവേശിക്കുന്ന യാത്രക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദേശം.
വിമാനത്തില്‍ മാസ്‌ക് ധരിക്കാത്ത യാത്രക്കാരെ നിയമ ലംഘകരായി കണക്കാക്കുമെന്നും യാത്ര ചെയ്യാന്‍ അനുവദിക്കില്ല എന്നും വിമാനം പുറപ്പെടും മുന്‍പ് ഇവരെ പുറത്താക്കുമെന്നും ഡിജിസിഎ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. രാജ്യത്തെ കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കിയുള്ള തീരുമാനം.
കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 5233 പേര്‍ക്ക് രാജ്യത്ത് കോവിഡ് ബാധിച്ചു. കഴിഞ്ഞദിവസത്തെക്കാള്‍ 41 ശതമാനം വര്‍ധനവുണ്ടായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 28,857 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.67 ശതമാനമായി. കഴിഞ്ഞ ആഴ്ചയിത് 1.12 ശതമാനമായിരുന്നു