പ്രളയക്കെടുതി തുടരുന്ന തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍ നിന്ന് 696 ഗര്‍ഭിണികളെ മാറ്റിപ്പാര്‍പ്പിച്ചു. മുന്‍കരുതലിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടം ഇവരെ മാറ്റിപാർപ്പിച്ചത്. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ 142 ഗര്‍ഭിണികള്‍ വിവിധ ആശുപത്രികളിലായി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതായി ജില്ലാ കളക്ടര്‍ പറഞ്ഞു.
രക്ഷാദൗത്യത്തിന് നേതൃത്വം നല്കുന്ന നാവികസേന, ഹെലികോപ്ടര്‍ വഴി 3.2 ടണ്‍ ദുരിതാശ്വാസ സാമഗ്രഹികള്‍ ശ്രീവൈകുണ്ഠം അടക്കമുള്ള പ്രളയബാധിത പ്രദേശങ്ങളില്‍ ഇന്നലെ വിതരണം ചെയ്തു. വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ വ്യാപകമായ നാശനഷ്ടങ്ങള്‍ വിലയിരുത്താനും ദുരിതബാധിതര്‍ക്ക് സാന്ത്വനമേകാനും മുഖ്യമന്ത്രി എംകെ സ്റ്റാലിന് വ്യാഴാഴ്ച തെക്കന്‍ ജില്ലകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
സംസ്ഥാനത്തെ തെക്കന്‍ ജില്ലകളിലുണ്ടായ പ്രളയക്കെടുതി കേന്ദ്രസംഘം കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. തിരുനെല്‍വേലി, തെങ്കാശി, തൂത്തുക്കുടി ജില്ലകളിലായിരുന്നു സന്ദര്‍ശനം. 14 ദുരിതാശ്വാസ ക്യാമ്പുകളിലായി 12,653 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. തമിഴ്നാട്ടിന്റെ തെക്കും വടക്കുമുള്ള ജില്ലകളിലുണ്ടായ പ്രളയങ്ങളെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് എംകെ സ്റ്റാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു.
ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി സ്റ്റാലിൻ കൂടി കാഴ്ച്ച നടത്തി. കേന്ദ്ര സഹായം തേടിയയായിരുന്നു സ്റ്റാലിന്റെ സന്ദർശനം. തമിഴ്നാട്ടിലെ സാഹചര്യം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താൻ സാധിച്ചുവെന്ന് സ്റ്റാലിൻ അറിയിച്ചു. സംസ്ഥാനത്തിന് സ്ഥിരം ദുരിതാശ്വാസനിധിയായി 12,659 കോടി രൂപ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചൊവ്വാഴ്ച രാത്രി ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട സ്റ്റാലിന്, സംസ്ഥാനത്തിന് അടിയന്തര സഹായമായി 7033 കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ട് നിവേദനം നല്കി.
Read more
പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയില്‍ നിന്ന് 2000 കോടി രൂപ അടിയന്തരമായി നല്‍കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്. ദുരിതബാധിതർക്ക് ഇടക്കാലാശ്വാസമായി ഉപജീവന സഹായം നൽകാനും തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി, തെങ്കാശി ജില്ലകളിലെ താൽക്കാലിക പുനരധിവാസ പ്രവർത്തനങ്ങൾ നടത്താനും ഈ തുക സഹായിക്കുമെന്ന് സ്റ്റാലിൻ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു.