ഹോസ്റ്റൽ ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ; 82 നഴ്സിംഗ് വിദ്യാർത്ഥികൾ ചികിത്സയിൽ, ഹോസ്റ്റലിലെ കിച്ചണ്‍ അടച്ചുപൂട്ടി

തമിഴ്നാട് സേലത്ത് ഹോസ്റ്റൽ ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ. 82 നഴ്സിംഗ് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്‍പിസി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് എജ്യുക്കേഷൻ ആന്‍റ് റിസർച്ചിലെ കുട്ടികളെയാണ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. ഹോസ്റ്റലിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റത്. സംഭവത്തെ തുടർന്ന് ഹോസ്റ്റലിലെ കിച്ചണ്‍ അടച്ചുപൂട്ടി.

ഹോസ്റ്റലിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ തിങ്കളാഴ്ച 20 വിദ്യാർത്ഥികള്‍ക്കാണ് ആദ്യം അവശത അനുഭവപ്പെട്ടത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കോളേജിൽ പരിശോധന നടത്തിയപ്പോൾ വിദ്യാർത്ഥികളിൽ ചിലർക്ക് നിർജലീകരണം ബാധിച്ചതായി കണ്ടെത്തി. തുടർന്ന് 82 വിദ്യാർത്ഥികളെ സേലം മോഹൻ കുമാരമംഗലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അഞ്ച് പേരെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ 24 മണിക്കൂർ വാർഡിൽ നിരീക്ഷണത്തിലാക്കി.

ഞായറാഴ്ച ഹോസ്റ്റലിലെ ഉച്ചഭക്ഷണത്തിന് ശേഷമാണ് വയറ്റിൽ അസ്വസ്ഥത, ഛർദ്ദി, വയറിളക്കം എന്നിവ അനുഭവപ്പെട്ടതെന്ന് വിദ്യാർത്ഥികള്‍ പറഞ്ഞു. ഹോസ്റ്റൽ പ്രവർത്തിപ്പിക്കുന്നതിനുള്ള അനുമതി കോളേജ് മാനേജ്‌മെന്‍റ് വാങ്ങിയിട്ടില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ സേലത്തെ ജില്ലാ ഓഫീസർ കതിരവൻ പറഞ്ഞു പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം ഉപയോഗയോഗ്യമാണോയെന്ന് പരിശോധിച്ചിട്ടില്ല. തൊഴിലാളികൾക്ക് വൈദ്യപരിശോധന നടത്തിയിട്ടില്ലെന്നും ജില്ലാ ഓഫീസർ പറഞ്ഞു.