കോവിഡ് മരണ നഷ്ടപരിഹാരം ലഭിക്കാന്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിക്കുന്നതില്‍ ആശങ്ക അറിയിച്ച് സുപ്രീം കോടതി. സഹായധന നല്‍കാനുള്ള ഉത്തരവ് ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ കോടതി സി.എ.ജി അന്വേഷണത്തിന് ഉത്തരവിടും. പല സംസ്ഥാനങ്ങളും വ്യാജ അപേക്ഷകള്‍ തയ്യാറാക്കി സമര്‍പ്പിക്കുന്നതായി കേന്ദ്രം കോടതിയില്‍ അറിയിച്ചിരുന്നു. ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് കോടതി പറഞ്ഞു.
കോവിഡ് സഹായധനത്തിനായി സര്‍ട്ടിഫിക്കറ്റുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിലും, ഡോക്ടര്‍മാര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിലും കോടതി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് അനുവദിച്ച് കൊടുക്കരുത്. ഇത് തടയാന്‍ വേണ്ട സംവിധാനം ഒരുക്കുന്നതിനെ കുറിച്ച് സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശം തേടിയിട്ടുണ്ട്.
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ യഥാര്‍ത്ഥ ആവശ്യക്കാരുടെ അവസരമാണ് നഷ്ടപ്പെടുത്തുന്നത് എന്ന് കോടതി നിരീക്ഷിച്ചു. ദുരുപയോഗം നടത്തുന്നവരെ കണ്ടെത്താനും കോടതി നിര്‍ദ്ദേശിച്ചു.
കോവിഡ് മരണസംഖ്യയില്‍ സുപ്രീംകോടതിയില്‍ വിവിധ സംസ്ഥാനങ്ങള്‍ നല്‍കിയ കണക്കുകളിലും വൈരുദ്ധ്യമുണ്ട്. യഥാര്‍ത്ഥ മരണസംഖ്യയേക്കാള്‍ അധികം ധനസഹായ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. അതേസമയം മരണനിരക്ക് കുറച്ച് കാണിച്ചുവെന്ന ആക്ഷേപങ്ങളുമുണ്ട്.