മുൻ മുഖ്യമന്ത്രി അഞ്ച് വർഷം കൊണ്ട് കഴിച്ചത് 3.6 കോടി രൂപയുടെ മുട്ട പഫ്‌സുകൾ; ജഗൻ മോഹൻ റെഡ്ഡിക്കെതിരെ പുതിയ ആരോപണം

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി 5 വർഷം കൊണ്ട് കഴിച്ചത് 3.6 കോടി രൂപയുടെ മുട്ട പപ്‌സുകൾ എന്ന് ആരോപണം. ഭരണ കാലത്ത് അമിത ചെലവ് നടത്തിയെന്നാരോപിച്ച് ഭരണകക്ഷിയായ ടിഡിപി രംഗത്തെത്തിയതോടെയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. എന്നാൽ ഇതിന് പിന്നാലെ വൈഎസ്‌ആർ കോൺഗ്രസ് പാർട്ടി വിശദീകരണവുമായി രംഗത്തെത്തി. സ്നാക്സ്‌സിൻ്റെ ബില്ലിനെ മുട്ട പഫ്‌സാക്കി അപമാനിക്കാനുള്ള ശ്രമമാണെന്നാണ് വിശദീകരണം.

മുൻ ജഗൻ മോഹൻ റെഡ്ഡി സർക്കാർ മുട്ട പഫ്സിനായി 3.62 കോടി രൂപ ചെലവഴിച്ചുവെന്ന് ടിഡിപി അവകാശപ്പെട്ടു. സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കുന്നതിനിടെയാണ് മുൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഓരോ വർഷവും ശരാശരി 72 ലക്ഷം രൂപ പഫ്‌സ് വാങ്ങാൻ മാത്രം ചിലവഴിച്ചതായി കണ്ടെത്തിയത്. അതിൻ്റെ കാലാവധി 2019 നും 2024 നും ഇടയിലാണെന്നും ടിഡിപി കുറ്റപ്പെടുത്തി.

ജഗൻ മോഹൻ റെഡ്ഡിയുടെ ഭരണകാലയളവിൽ പൊതുപണം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതായാണ് ആരോപണം. കണക്ക് പ്രകാരം 72 ലക്ഷം രൂപ ഒരുവർഷം ചെലവാകണമെങ്കിൽ അതിൻ്റെ വിലവച്ച് പ്രതിദിനം 993 പഫ്‌സുകൾ വാങ്ങേണ്ടിവരും. അങ്ങനെയങ്കിൽ അഞ്ച് വർഷത്തിനിടെ വാങ്ങിയത് 18 ലക്ഷം പഫ്‌സുകളെന്ന് കരുതേണ്ടിവരുമെന്നും ടിഡിപി ആരോപിച്ചു.

അതേസമയം ലഘുഭക്ഷണത്തിനായി ചിലവഴിച്ച തുക പെരുപ്പിച്ച് കാണിച്ച് ജഗൻ മോഹൻ റെഡ്ഡിയെ അപമാനിക്കാനുള്ള ശ്രമങ്ങളാണ് ടിഡിപി നടത്തുന്നതെന്ന് വൈഎസ്‌ആർ കോൺഗ്രസ് പ്രതികരിച്ചു. ആരോപണം വ്യാജമാണെന്ന് പറഞ്ഞ പാർട്ടി ആരോപണം തെളിയിക്കാനും വെല്ലുവിളിച്ചു. 2014 -19 കാലയളവിൽ ചന്ദ്രബാബു നായിഡുവിനും മകൻ ലോകേഷിനുമുള്ള ലഘുഭക്ഷണത്തിനായി സർക്കാർ 8.6 കോടി രൂപ ചിലവഴിച്ചെന്നും വൈഎസ്‌ആർ കോൺഗ്രസ് ആരോപിച്ചു.