ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയ്ക്കും പത്മഭൂഷണ്‍ പുരസ്‌കാരം നിരസിച്ചു. സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ബുദ്ധദേബിനെ ഉദ്ധരിച്ച് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
‘നിലവില്‍ എനിക്ക് പത്മ പുരസ്‌കാരം ലഭിച്ചതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ അത്തരമൊരു വാര്‍ത്ത ശരിയാണെങ്കില്‍ ഞാന്‍ പുരസ്‌കാരം നിരസിക്കുകയാണ്’ ബുദ്ധദേബിനെ ഉദ്ധരിച്ച് സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.
കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, യുപി മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന കല്യാണ്‍ സിംഗ്, ഭാരത് ബയോടെക് മേധാവിമാരായ കൃഷ്ണ എല്ല, സുചിര എല്ല, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല എന്നിവര്‍ക്കാണ് ബുദ്ധദേബിന് പുറമേ പത്മഭൂഷണ്‍ ലഭിച്ചത്.
അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ നല്‍കും. കൂനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടാണ് ഇക്കഴിഞ്ഞ ഡിസംബറില്‍ ബിപിന്‍ റാവത്ത് മരണപ്പെട്ടത്. ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയ നീരജ് ചോപ്രയ്ക്ക് പത്മശ്രീ സമ്മാനിക്കും.