കര്‍ണാടക മുന്‍ ഡിജിപി വീടിനുള്ളില്‍ മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ്; ഭാര്യയെയും മകളെയും ചോദ്യം ചെയ്യുന്നു

കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എച്ച്എസ്ആര്‍ ലേഔട്ടിലെ വസതിയില്‍ ഞായറാഴ്ചയാണ് ഓം പ്രകാശിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചു. ഓം പ്രകാശിന്റെ മരണ വിവരം ഭാര്യ പല്ലവിയാണ് പൊലീസിനെ അറിയിച്ചത്.

മൂന്ന് നിലയുള്ള വീടിന്റെ താഴത്തെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ പല്ലവിയേയും മകളേയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഓം പ്രകാശിന്റെ മൃതദേഹം കണ്ടെത്തിയ മുറിയിലെ തറയിലാകെ രക്തമുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.

ബിഹാര്‍ സ്വദേശിയായ ഓംപ്രകാശ് 1981 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനായിരുന്നു. 2015 മാര്‍ച്ച് മുതല്‍ 2017 ജനുവരി വരെയാണ് ഓംപ്രകാശ് ഡിജിപിയായി സേവനം അനുഷ്ഠിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.