പുല്‍വാമ ഭീകരാക്രമണത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിന് തന്നെയാണെന്ന് കരസേന മുന്‍മേധാവി ശങ്കര്‍ റോയ് ചൗധരി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മാര്‍ഗനിര്‍ദേശം നല്‍കുന്ന പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് അതില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല എന്നാണ് ജനറല്‍ ചൗധരി പറയുന്നത്.
പുല്‍വാമയിലെ വീഴ്ച പുറത്തു പറയരുതെന്ന് മോദി ആവശ്യപ്പെട്ടെന്ന ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തലിനെ കുറിച്ചാണ് ടെലിഗ്രാഫ് പത്രത്തോട് ശങ്കര്‍ റോയ് ചൗധരി പ്രതികരിച്ചത്.
പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ദേശീയപാതയിലൂടെ 78 വാഹനങ്ങളിലായാണ് 2500 സൈനികരെ കൊണ്ടുപോയത്. അത്രയും വലിയ വാഹനവ്യൂഹം പാടില്ലായിരുന്നെന്ന് ജനറല്‍ ചൗധരി പറഞ്ഞു. ആക്രമണത്തിന് പിന്നിലെ രഹസ്യാന്വേഷണ വീഴ്ചയുടെ ഉത്തരവാദിത്വം ദേശീയ സുരക്ഷാ ഏജന്‍സിക്കുമുണ്ട്.
സൈനികര്‍ വിമാനത്തില്‍ യാത്ര ചെയ്തിരുന്നുവെങ്കില്‍ ജീവന്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാമായിരുന്നു. ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന എല്ലാ വലിയ വാഹനവ്യൂഹങ്ങളും എപ്പോഴും അക്രമിക്കപ്പെടാന്‍ സാധ്യതയുള്ളതാണ്. സൈനികരെ വിമാനത്തില്‍ എത്തിച്ചിരുന്നുവെങ്കില്‍ അത് കൂടുതല്‍ സൗകര്യപ്രദം ആകുമായിരുന്നു.
ഇത് രഹസ്യാന്വേഷണ വീഴ്ചയാണ്. സര്‍ക്കാര്‍ കൈകഴുകാന്‍ ശ്രമിക്കുന്നത് ഒഴിഞ്ഞുമാറലാണ്. വ്യോമയാനവകുപ്പിലോ വ്യോമസേനയിലോ ബിഎസ്എഫിലോ ലഭ്യമായ വിമാനങ്ങള്‍ ഉപയോഗിച്ച് സൈനികരെ വ്യോമമാര്‍ഗം കൊണ്ടുവരാമായിരുന്നു. പരാജയങ്ങള്‍ക്ക് അവകാശികളില്ല എന്നാണ് ചൗധരി പറയുന്നത്.