എഴുപതാം റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ മുന്നോടിയായി ഭരണഘടനയുടെ പ്രവർത്തനം ശരിയായ രീതിയിലാണോ നടക്കുന്നത് എന്ന് ആത്മപരിശോധന നടത്താനും ഓഡിറ്റ് ചെയ്യാനും മുൻ സുപ്രീം കോടതി ജഡ്ജി ജെ ചേലമേശ്വർ, മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ എസ് വൈ ഖുറൈഷി എന്നിവരുൾപ്പെടെ എട്ട് പ്രമുഖർ ജനങ്ങളോട് അഭ്യർത്ഥിച്ചു.
“തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾക്ക് അധികാര ദുർവിനിയോഗത്തിന് നിയമസാധുത അവകാശപ്പെടാൻ പ്രാപ്തരാക്കുകയും, സ്വാതന്ത്ര്യത്തെ, മറ്റുള്ളവരുടെ അവകാശങ്ങൾ അവഗണിക്കുന്നതിനുള്ള ലൈസൻസാക്കി മാറ്റാൻ പൗരന്മാരെ അനുവദിക്കുകയും ചെയ്യുന്ന കേവലം ഭരണപരമായ ഒരു മാനുവലാണോ ഭരണഘടന? ഇത് കേവലം മഷി കൊണ്ട് എഴുതിയ പുസ്തകം മാത്രമാണോ അതോ ജാതി, മതം, പ്രദേശം, വംശീയത, ഭാഷ എന്നിവയുടെ തടസ്സങ്ങൾ മറികടന്ന അസംഖ്യം രക്തസാക്ഷികളുടെ രക്തത്തിൽ എഴുതിയ ഒരു വിശുദ്ധ ഗ്രന്ഥമാണോ? ” പ്രമുഖർ തുറന്ന കത്തിൽ ചോദിച്ചു.
മതത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കുകയും ഭരണഘടന ലംഘിക്കുകയും ചെയ്യുന്നുവെന്ന് വിമർശകർ പറയുന്ന പുതിയ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ഉയരുകയും അവ അക്രമാസക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് പ്രമുഖ വ്യക്തിത്വങ്ങളുടെ തുറന്ന കത്ത്.
പരസ്പരവിരുദ്ധമായ താൽപ്പര്യങ്ങളുടെ സമാധാനപരമായ അനുരഞ്ജനം, ആരോഗ്യകരമായ പൊതു വ്യവഹാരം, വിയോജിപ്പുള്ള കാഴ്ചപ്പാടുകളോടുള്ള ആദരവ് എന്നിവ ജനാധിപത്യത്തിന്റെ ഹൃദയഭാഗത്താണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, രാഷ്ട്ര പിതാവ് ഉയർത്തിപിടിച്ച മൂല്യങ്ങളായ സത്യവും അഹിംസയും പൊതുമണ്ഡലത്തിൽ തങ്ങളുടെ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്താൻ അവർ തുറന്ന കത്തിൽ ജനങ്ങളോട് അഭ്യർത്ഥിച്ചു.
ഭരണഘടനയുടെ 70 വർഷത്തെ പ്രവർത്തനത്തിന് “നമ്മുടെ വിജയങ്ങൾ ആഘോഷിക്കുന്നതിനും നമ്മുടെ പോരായ്മകളെ മറികടക്കാൻ ആത്മപരിശോധന നടത്തുന്നതിനും അവസരമൊരുക്കിയിട്ടുണ്ടെന്നും “”ഇന്ത്യൻ ഭരണഘടനയുടെ 70 വർഷം-നിർവചിക്കുന്ന വെള”” എന്ന തലക്കെട്ടിൽ എഴുതിയ കത്തിൽ പറയുന്നു.
“നമ്മുടെ വിജയത്തെ ആഘോഷിക്കാൻ ഈ ഗൗരവമേറിയ അവസരം ഉപയോഗപ്പെടുത്താനും നമ്മുടെ നിലവിലെ ആശങ്കകളെക്കുറിച്ച് പ്രതിഫലിപ്പിക്കാനും, പ്രത്യേകിച്ചും ഡോ. അംബേദ്കറും നമ്മുടെ പൂർവ്വികരും വിഭാവനം ചെയ്ത, ഭരണഘടനയുടെ ആമുഖത്തിൽ സംഗ്രഹിച്ചിരിക്കുന്ന നമ്മുടെ വൈവിധ്യമാർന്ന, മതേതര സമൂഹത്തെക്കുറിച്ചും, ഭരണഘടനാപരമായ ലക്ഷ്യങ്ങൾ നിറവേറ്റാൻ തീരുമാനാമെടുക്കുന്നതിനും ഞങ്ങൾ എല്ലാ പൗരന്മാരോടും അഭ്യർത്ഥിക്കുന്നു ,” കത്തിൽ പറഞ്ഞു.
ഖുറൈശിക്കും ചേലമേശ്വർക്കും പുറമെ ചലച്ചിത്ര വ്യക്തിത്വമായ ഷർമിള ടാഗോർ, മുൻ ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഹർചരഞ്ജിത് സിംഗ് പനാഗ്, ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, കർണാടക സംഗീതജ്ഞൻ ടി എം കൃഷ്ണ, യുജിസി, ഐസിഎസ്എസ്ആർ മുൻ ചെയർമാൻ സുഖ്ദിയോ തോറാത്ത് ആസൂത്രണ കമ്മീഷൻ അംഗം സയ്യിദ ഹമീദ് എന്നിവരാണ് കത്തിൽ ഒപ്പിട്ട മറ്റു പ്രമുഖർ.
സുപ്രീം കോടതിയിലെ നാല് മുതിർന്ന ജഡ്ജിമാർ, അന്നത്തെ ചീഫ് ജസ്റ്റിസിനെതിരെ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയ സംഭവത്തിന് കൃത്യം ഒരു വർഷം തികയുന്ന വേളയിലാണ് തുറന്ന കത്ത് പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്തെ പരമോന്നത കോടതിയെ ബാധിക്കുന്നതും ഇന്ത്യൻ ജനാധിപത്യത്തെ നശിപ്പിക്കുന്നതുമായ നിരവധി പ്രശനങ്ങൾ നിരത്തി മുന്നറിയിപ്പുമായാണ് അന്ന് മുതിർന്ന ജഡ്ജിമാർ പത്രസമ്മേളനം വിളിച്ചത്.