കർണാടക മുൻ മുഖ്യമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്ന എസ്എം കൃഷ്ണ അന്തരിച്ചു; ഓർമ്മയാകുന്നത് ബെംഗളുരു നഗരത്തിന്റെ തലതൊട്ടപ്പൻ

മുൻ കേന്ദ്ര വിദേശ കാര്യമന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയുമായിരുന്ന എസ്എം കൃഷ്ണ അന്തരിച്ചു. ഇന്ന് പുലർച്ചെ 2.45ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. 93 വയസായിരുന്നു. ബെംഗളൂരുവിനെ രാജ്യത്തിന്റെ ഐടി തലസ്ഥാനമാക്കി മാറ്റിയതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ഓർമ്മയാകുന്നത്.

2009 മുതൽ 2012 വരെയാണു യുപിഎ സർക്കാരിൽ വിദേശകാര്യമന്ത്രിയായി സേവനമനുഷ്ഠിച്ചത്. 1999 മുതൽ 2004 വരെ കർണാടകയുടെ പത്താമത്തെ മുഖ്യമന്ത്രിയും 2004 മുതൽ 2008 വരെ മഹാരാഷ്ട്രയുടെ 19ാം ഗവർണറുമായിരുന്നു. 1989 ഡിസംബർ മുതൽ 1993 ജനുവരി വരെ കർണാടക വിധാൻ സഭയുടെ സ്പീക്കറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2017ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. 2023ൽ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പദ്മവിഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.

ബ്രാൻഡ് ബെംഗളുരുവിൻറെ തലതൊട്ടപ്പനായിരുന്നു സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്ന എസ്എം കൃഷ്‌ണ. ബെംഗളുരു നഗരത്തെ ഇന്ന് കാണുന്ന സിലിക്കൺ വാലിയും ടെക് നഗരവുമായി വളർത്തിയെടുത്ത മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. അറുപതാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിൽ സോഷ്യലിസ്റ്റായി തുടങ്ങി കോൺഗ്രസുകാരനായി ജീവിച്ച് ഒടുവിൽ ബിജെപിയിലെത്തിയ ശേഷം വിരമിക്കൽ. 1962ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച അദ്ദേഹം അറിയപ്പെടുന്ന നിയമജ്ഞനായിരുന്നു.

ഫുൾ ബ്രൈറ്റ് സ്കോളർഷിപ്പടക്കം മികച്ച അക്കാദമിക് നേട്ടങ്ങളോടെ വിദേശ പഠനം പൂർത്തിയാക്കിയ എസ്എം കൃഷ്ണ സുരക്ഷിതമായ ഒരു ജോലി തിരഞ്ഞെടുക്കുന്നതിന് പകരം കർണാടക രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനാണ് തീരുമാനിച്ചത്. 1962ൽ സ്വതന്ത്രനായി മദ്ദൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് ജയിച്ചു. ശേഷം പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലേക്ക്. 1968ൽ മണ്ഡ്യയിൽ നിന്ന് കോൺഗ്രസ് എംപിയായി. പിന്നീട് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ച് വന്ന എസ്എം കൃഷ്ണ കോൺഗ്രസിൽ പടി പടിയായി വളർന്നു.

1999ൽ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട എസ്എം കൃഷ്ണയുടെ നേതൃത്വത്തിലാണ് ബെംഗളുരു നഗരം ഇന്ന് കാണുന്ന ഇന്ത്യയുടെ സിലിക്കൻ വാലിയായി വളർന്നത്. ബെംഗളുരു അഡ്വാൻസ്‍ഡ് ടാസ്ക് ഫോഴ്സ് എന്ന സമിതി രൂപീകരിച്ച്, ഇൻഫോസിസ് സഹസ്ഥാപനകനായ നന്ദൻ നിലേകനിയെ അടക്കം അതിൽ പങ്കാളിയാക്കി. ഉദ്യാന നഗരിക്ക് ടെക് പരിവേഷം കൈവന്നത് ഇതിന് ശേഷമായിരുന്നു. ഒരു കോർപ്പറേറ്റ് സിഇഒയെപ്പോലെയാണ് എസ്എം കൃഷ്ണ കർണാടക ഭരിച്ചതെന്ന് വിലയിരുത്തുന്നവരുണ്ട്.

ബെംഗളുരു നഗരത്തിൻറെ വികസനത്തിലൂടെ ലഭിക്കുന്ന വരുമാനം സംസ്ഥാനത്തിനൊട്ടാകെ ഗുണം ചെയ്യുമെന്ന് എസ്എം കൃഷ്ണ ഉറച്ച് വിശ്വസിച്ചിരുന്നു. 2004ൽ മുഖ്യമന്ത്രി പദം ഒഴിഞ്ഞ ശേഷം അദ്ദേഹം മഹാരാഷ്ട്ര ഗവർണറായി. സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങാൻ ആഗ്രഹിച്ച അദ്ദേഹത്തിന് രണ്ടാം യുപിഎ സർക്കാരിൽ മൻമോഹൻ സിംഗ് വിദേശകാര്യ മന്ത്രി പദവി നൽകി. എന്നാൽ 2012ൽ അദ്ദേഹത്തോട് കോൺഗ്രസ് ആ പദവി ഒഴിയാൻ നിർദേശിച്ചത് കൃഷ്ണയ്ക്ക് കടുത്ത അതൃപ്തിയുണ്ടാക്കി. പിന്നീട് പാർട്ടിയുമായി അകന്ന അദ്ദേഹം 2017ൽ ബിജെപിയിൽ ചേർന്നു. 2021ൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച അദ്ദേഹം വിശ്രമ ജീവിതത്തിലായിരുന്നു.

Latest Stories

ഫ്രഞ്ച് പ്രധാനമന്ത്രിയായി ഹോസ്വ ബൈഹൂഹിനെ തിരഞ്ഞെടുത്തു

പാലക്കാട് കരിമ്പ അപകടം; രണ്ട് ലോറികളുടെയും ഡ്രൈവര്‍മാര്‍ റിമാന്റില്‍

കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ല; തൃശൂരില്‍ ക്ഷേത്ര കമ്മിറ്റിയ്‌ക്കെതിരെ നടപടിയ്‌ക്കൊരുങ്ങി പൊലീസ്

വീണ്ടും കേരളത്തെ സമ്മര്‍ദ്ദത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍; എയര്‍ ലിഫ്റ്റ് സേവനത്തിന് ഉടനടി തിരിച്ചടയ്‌ക്കേണ്ടത് 132 കോടി

BGT 2024-25: ഗാബയില്‍ ആര് വിജയിക്കും?, ധീരമായ പ്രവചനം നടത്തി റിക്കി പോണ്ടിംഗ്

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

BGT 2024-25: ഗാബയില്‍ ഇന്ത്യയെ കാത്ത് വലിയ അപകടം, ബാറ്റര്‍മാര്‍ക്ക് അശുഭ വാര്‍ത്ത

BGT 2024-25: "ഇന്നത്തെ രാത്രി രോഹിതും ടീമും സുഖമായി ഉറങ്ങിക്കോളൂ, നാളെ കളിക്കളത്തിൽ വിയർകാനുള്ളതല്ലേ"; അപകട സൂചന നൽകി പാറ്റ് കമ്മിൻസ്

അല്ലു അർജുന് ഇടക്കാല ജാമ്യം; മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം നിലനിൽക്കുമോ എന്ന് സംശയമെന്ന് കോടതി