ലോക്‌സഭാംഗത്വം തിരികെ ലഭിക്കാന്‍ ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയിലേക്ക്. ശിക്ഷയ്ക്ക് സ്റ്റേ ലഭിച്ചിട്ട് രണ്ട് മാസമായിട്ടും എംപിയായി അംഗീകരിക്കുന്നില്ലെന്നും രാഷ്ട്രപതി ലക്ഷദ്വീപ് സന്ദര്‍ശിച്ചപ്പോള്‍ തന്നെ ക്ഷണിച്ചില്ലെന്നും ഫൈസല്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിക്കും തനിക്കും ഒരേ അനുഭവമാണ്. പലതവണ ലോക്‌സഭയില്‍ ചെന്ന് സ്പീക്കറെ കണ്ടെങ്കിലും യാതൊരുവിധ നടപടി ഉണ്ടായില്ല. അയോഗ്യതയുടെ നിയമ സാധുത പരിശോധിക്കണം. ലോക്‌സഭാംഗത്വം തിരിച്ചെടുക്കാനായി സുപ്രീംകോടതിയെ സമീപിക്കും എന്നാണ് മുഹമ്മദ് ഫൈസല്‍ പറയുന്നത്.
വധശ്രമക്കേസില്‍ പത്ത് വര്‍ഷം ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നാണ് മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത്. കവരത്തി കോടതിയാണ് ജനുവരിയില്‍ വിധി പറഞ്ഞത്. ഇതോടെ ഫൈസലിനെ അയോഗ്യനാക്കി ഉടന്‍ ഡല്‍ഹിയിലെ ഫ്‌ളാറ്റ് ഒഴിയാന്‍ ഫൈസലിന് നോട്ടീസ് നല്‍കുകയായിരുന്നു.
പിന്നാലെ ലക്ഷദ്വീപില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. എന്നാല്‍ കവരത്തി കോടതിയുടെ വിധി ജനുവരി 25ന് ഹൈക്കോടതി റദ്ദാക്കി. ഇതോടെ തിരഞ്ഞെടുപ്പ് നടപടികള്‍ നിര്‍ത്തിവച്ചു. അയോഗ്യത സംബന്ധിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് ഫൈസല്‍ ലോക്‌സഭ സെക്രട്ടറിയേറ്റിന് കത്ത് നല്‍കിയെങ്കിലും അയോഗ്യത പിന്‍വലിച്ച് സെക്രട്ടറിയേറ്റ് ഇതുവരെ ഉത്തരവ് വന്നിട്ടില്ല.