പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ആക്രമിക്കപ്പെട്ട പ്രദേശത്തെ സുരക്ഷ വീഴ്ചയെ സംബന്ധിച്ച് പലരും ഇപ്പോൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ജമ്മു കശ്മീരിലെ പെഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് സഹായകരമായ ഇന്റലിജൻസ് പരാജയവും സുരക്ഷ വീഴ്ചയും വിശകലനം ചെയ്യണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായെയും മാധ്യമങ്ങളെയും വിമർശിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയും രംഗത്ത് വന്നിട്ടുണ്ട്. മറ്റേതെങ്കിലും രാജ്യമായിരുന്നെങ്കിൽ ആഭ്യന്തരമന്ത്രിക്ക് ഇന്റലിജൻസിന്റെ പരാജയത്തെക്കുറിച്ച് മാധ്യമങ്ങളോട് പറയേണ്ടി വന്നേനെ എന്നായിരുന്നു മഹുവ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. ‘മറ്റേതെങ്കിലും രാജ്യമായിരുന്നെങ്കിൽ ആഭ്യന്തരമന്ത്രിക്ക് മാധ്യമങ്ങളെ അഭിമുഖീകരിക്കേണ്ടി വരികയും ഇന്റലിജൻസിന്റെ പരാജയത്തെക്കുറിച്ചുള്ള ചില കടുത്ത ചോദ്യങ്ങൾക്ക് അവർക്ക് ഉത്തരം നൽകേണ്ടി വരുകയും ചെയ്യുമായിരുന്നു. എന്നാൽ ഇവിടെ ഗോദി മീഡിയ അമിത് ഷായെ ദൈവമായി ചിത്രീകരിക്കുന്ന തിരക്കിലാണ്’- ഇതായിരുന്നു മഹുവ മൊയ്ത്രയുടെ എക്സ് പോസ്റ്റ്.
അതേസമയം തന്നെ ചർച്ചയാവുന്നതാണ് മുൻ മേജർ ജനറലും പ്രതിരോധ വിദഗ്ദ്ധനുമായ ജി.ഡി ബക്ഷിയുടെ പ്രതികരണവും. കോവിഡിന് ശേഷമുള്ള ഇന്ത്യൻ ആർമി റിക്രൂട്മെന്റിനെ സംബന്ധിച്ചുള്ള നിർണായക വിവരങ്ങളോട് കൂടിയാണ് അദ്ദേഹം പഹൽഗാമിൽ ഉണ്ടായ സുരക്ഷ വീഴ്ചയെ എടുത്ത് കാണിക്കുന്നത്. “1,80,000ത്തോളം സൈനികരുടെ കുറവ് ഇപ്പോഴും സേനയിലുണ്ട്. പണം ലാഭിച്ച് പൗരൻമാരെ കൊലക്ക് കൊടുക്കുകയാണോ നിങ്ങൾ? മൂന്നുവർഷം കശ്‌മീരിൽ പോരാടിയ ആളാണ് ഞാൻ. ആ ഏരിയ മുഴുവൻ നമ്മുടെ നിയന്ത്രണത്തിലായിരുന്നു. ഇപ്പോഴോ, അവിടെ ആവശ്യം വേണ്ട സൈനികരെ രണ്ടു സെക്ടറുകളിലായി വിഭജിച്ചിരിക്കുന്നു. അവിടങ്ങളിൽ സൈനികശക്തി അത്രയൊന്നും വേണ്ടെന്ന് ആർക്കൊക്കെയോ തോന്നിയതിന്റെ ഫലമാണിത്. ആരുടെ ബുദ്ധിയാണിത് ? അദ്ദേഹം ചോദിച്ചു.
പഹൽഗാം ആക്രമണത്തെ തുടർന്നുള്ള ഒരു ചാനൽ ചർച്ചക്കിടെ അദ്ദേഹം പറഞ്ഞ വാക്കുകൾ ആണിത്. നിലവിൽ പഹൽഗാമിലെയും സമീപ പ്രദേശങ്ങളിലെയും സുരക്ഷ പ്രശനങ്ങൾ വിലയിരുത്തുമ്പോൾ ജി.ഡി ബക്ഷിയുടെ പ്രതികരണം പ്രധാനപ്പെട്ട ചില മേഖലയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. അതേസമയം പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ അതത് സംസ്ഥാനങ്ങളിലേക്ക് എത്തിച്ചു. ഇടപ്പളളി സ്വദേശി എൻ രാമചന്ദ്രന്റെ മൃതദേഹം ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിച്ചു. 15 മിനിറ്റ് പൊതുദർശനത്തിനു ശേഷം മൃതദേഹം റിനൈ മെഡിസിറ്റിയിലേക്ക് കൊണ്ടുപോയി. വെളളിയാഴ്ച്ചയോടെയാണ് സംസ്‌കാരച്ചടങ്ങുകൾ നടക്കുക. ഇടപ്പളളി ശ്മശാനത്തിലാകും രാമചന്ദ്രന്റെ സംസ്‌കാരം.