ഉത്തരാഖണ്ഡിലെ ഹിമപാതത്തിൽ നാല് മരണം. പുറത്തെത്തിച്ച 50 പേരിൽ നാല് പേർ മരിച്ചു. നേരത്തെ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച തൊഴിലാളി മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന്‌പേർ കൂടി മരിച്ചത്. പതിനാല് തൊഴിലാളികളെ കൂടി ഇന്ന് രക്ഷപ്പെടുത്തിയിരുന്നു. അതേസമയം കുടുങ്ങിക്കിടക്കുന്ന എട്ടുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.
ബദരീനാഥിലെ മന ഗ്രാമത്തിനടുത്തുള്ള ഉയർന്ന ഉയരത്തിലുള്ള ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ ക്യാമ്പിൽ ഇന്നലെ ഉണ്ടായ മഞ്ഞിടിച്ചിലിൽ 55 തൊഴിലാളികളാണ് കുടുങ്ങിയത്. 33 തോഴിലാളികളെ കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരുന്നു. ഇതിൽ ഗുരുതരമായി പരുക്കേറ്റ മൂന്ന് പേരെ ജോഷി മഠിലെ ആശുപത്രിയിലേക്ക് എയർ ലിഫ്റ്റ് ചെയ്തു. ഇന്ന് 14 പേരെ കൂടി രക്ഷപ്പെടുത്തി. അതേസമയം കനത്ത മഞ്ഞുവീഴ്ചയും, മഴയും, മഞ്ഞിടിച്ചിൽ ഭീഷണിയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്.
അതിനിടെ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ജോഷിമഠിലെ ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദർശിച്ചു. രക്ഷാദൗത്യം മുഖ്യമന്ത്രി വിലയിരുത്തി. കാലാവസ്ഥ മെച്ചപ്പെടുന്നതിന് അനുസരിച്ച്, കൂടുതൽ ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനത്തിന് എത്തിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തി. നിലവിൽ ഡോക്ടർമാരുടെ സംഘവും ആംബുലൻസുകളും പ്രദേശത്ത് സജ്ജമാക്കിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾ ബിഹാർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.