ഭോപ്പാലില്‍ നാല് വയസുകാരിയെ കടിച്ചു കീറി തെരുവ്‌നായ്ക്കള്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

മധ്യപ്രദേശില്‍ നാലു വയസുകാരിയെ കടിച്ചു കീറി തെരുവുനായകള്‍. ഭോപ്പാലിലെ ബാഗ് സേവാനിയ പ്രദേശത്താണ് സംഭവം. വീടിന് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ അഞ്ച് നായകള്‍ കൂട്ടെ ചേര്‍ന്ന് ഓടിച്ച് വീഴ്ത്തി. ഓടി നിലത്ത് വീണ കുട്ടിയെ നായകള്‍ ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.

വീടിന് പുറത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടിക്കാണ് ആക്രമണം ഉണ്ടായത്. നായ്ക്കളെ കണ്ടതും കുട്ടി ഓടുകയായിരുന്നു. നായകളും കുട്ടിയുടെ പിന്നാലെ ഓടി. റോഡിലൂടെ നായകള്‍ കുട്ടിയെ ഓടിക്കുന്നതും, നിലത്ത് വീണ് കിടക്കുന്ന കുട്ടിയെ ചുറ്റും കൂടി നിന്ന്് കടിക്കുന്നതും, വലിച്ചിഴയ്ക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും. മിനിറ്റുകളോളം നായകളുടെ ആക്രമണം നീണ്ടു നിന്നിരുന്നു. സംഭവം കണ്ട പ്രദേശവാസികളില്‍ ഒരാള്‍ ഓടിയെത്തി നായകളെ ഓടിച്ചാണ് കുട്ടിയെ രക്ഷിച്ചത്.

Read more

ഗുരുതരമായി പരിക്കേറ്റ നാല് വയസുകാരി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിന് മുമ്പും ഈ പ്രദേശത്ത് തെരുവ് നായകളുടെ അക്രമത്തില്‍ കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവിടെ തെരുവ നായ്കളുടെ ആക്രമണം പതുവാണെന്നാണ് പരിസരവാസികള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം അമ്മയോടൊപ്പം നടന്നു നീങ്ങിയ ഏഴു വയസുകാരിയെ നായകള്‍ ആക്രമിച്ചിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മയ്ക്കും പരിക്കേറ്റിരുന്നു. 2019ല്‍ തെരുവ് നായകളുടെ ആക്രമണത്തില്‍ ഒരു ആറുവയസുകാരന്‍ മരിച്ചിരുന്നു. അധികൃതരുടെ കണക്ക് പ്രകാരം ഭോപ്പാലില്‍ 1 ലക്ഷം തെരുവു നായകളാണുള്ളത്.