പതിനെട്ട് വയസിനു മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസ് സൗജന്യമായി നല്‍കും. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം പ്രമാണിച്ചാണ് സൗജന്യമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. ജൂലൈ 15 വെള്ളിയാഴ്ച മുതല്‍ 75 ദിവസത്തേക്കാണ് സൗജന്യ വാക്‌സീന്‍ ലഭിക്കുക.
രണ്ടാം ഡോസിനുശേഷം കോവിഡ് പ്രതിരോധ ബൂസ്റ്റര്‍ ഡോസ് എടുക്കാനുള്ള സമയം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അടുത്തിടെ കുറച്ചിരുന്നു. ആറുമാസം അല്ലെങ്കില്‍ 26 ആഴ്ച കഴിഞ്ഞ് ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നാണ് പുതിയ നിര്‍ദേശം. നേരത്തേ ഇത് ഒമ്പതുമാസം അല്ലെങ്കില്‍ 39 ആഴ്ചയായിരുന്നു.
Read more
2021 ഡിസംബര്‍ 28നാണ് രണ്ടാം വാക്‌സിനേഷന്‍ കഴിഞ്ഞ് ഒമ്പത് മാസത്തിനുശേഷം ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന് നിര്‍ദേശിച്ചത്. എന്നാല്‍, പുതുതായി കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളും ആഗോളതലത്തിലെ ആരോഗ്യ പരിപാലനരീതികളും വിലയിരുത്തിയാണ് നാഷനല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ് ഓണ്‍ ഇമ്യൂണൈസേഷന് (എന്‍.ടി.എ.ജി.ഐ) കീഴിലെ സ്റ്റാന്‍ഡിങ് ടെക്‌നിക്കല്‍ സബ്കമ്മിറ്റി ബൂസ്റ്റര്‍ ഡോസിനുള്ള സമയം പുനഃപരിശോധിക്കാന്‍ തീരുമാനിച്ചത്.