ഒരു പെൺകുട്ടി ആൺകുട്ടിയോട് കാണിക്കുന്ന സൗഹൃദം ലൈംഗികബന്ധം സ്ഥാപിക്കാനുള്ള സമ്മതമായി വ്യാഖ്യാനിക്കരുതെന്ന് ബോംബെ ഹൈക്കോടതി. ബലാത്സംഗ കേസിൽ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ജൂൺ 24ന് പുറപ്പെടുവിച്ച ഉത്തരവിലാണ് നിരീക്ഷണമുള്ളത്.
വിവാഹ വാഗ്ദാനം നൽകി യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ ആശിഷ് ചാക്കോർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റിസ് ഭാരതി ദാംഗ്രെ തള്ളി. താൻ ആശിഷ് ചാക്കോറുമായി സൗഹൃദത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് ആശിഷ് ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയായിരുന്നെന്നും യുവതി പറഞ്ഞു.
എന്നാൽ താൻ ഗർഭിണിയായതോടെ വിവാഹ വാഗ്ദാനം പാലിക്കാൻ ഇയാൾ തയ്യാറായില്ലെന്നും യുവതി വ്യക്തമാക്കി. അതേസമയം യുവതിയുടെ സമ്മതത്തോടെയാണ് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് ആശിഷ് ചാക്കോർ വാദിച്ചു.”ഒരു പെൺകുട്ടിയുടെ സൗഹൃദം ശാരീരിക ബന്ധം സ്ഥാപിക്കാനുള്ള അവളുടെ സമ്മതമായി വ്യാഖ്യാനിക്കരുത്” എന്ന് ജസ്റ്റിസ് ഭാരതി ദാംഗ്രെ പറഞ്ഞു.
ശാരീരിക ബന്ധത്തിന് സമ്മതം നൽകാൻ യുവതി നിർബന്ധിതയായോ എന്നറിയാൻ ആശിഷ് ചാക്കോറിനെതിരായ പരാതിയിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ജഡ്ജി വ്യക്തമാക്കി.