വീണ്ടും സമ്മര്‍ദ്ദതന്ത്രവുമായി ജി 23 നേതാക്കള്‍; രണ്ടാംവട്ടവും യോഗം ചേര്‍ന്നു

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ 24 മണിക്കൂറിനിടെ രണ്ടാംവട്ടം യോഗം ചേര്‍ന്ന് കോണ്‍ഗ്രസിലെ ജി23 നേതാക്കള്‍. കപില്‍ സിബല്‍, ഭൂപീന്ദര്‍ ഹൂഡ, ജനാര്‍ദ്ധന്‍ ദ്വിവേദി എന്നിവരടങ്ങുന്ന സംഘം മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന്റെ വീട്ടിലാണ് യോഗം ചേരുന്നത്. ഇന്ന് കാലത്ത് രാഹുല്‍ഗാന്ധിയുമായി ഹൂഡ ചര്‍ച്ച നടത്തിയിരുന്നു. അതേസമയം, ഗുലാം നബി ആസാദ് സോണിയാ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ചു. ഇന്നലെ ചേര്‍ന്ന യോഗത്തിന്റെ വിവരങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.

ഇന്നലെ കപില്‍ സിബല്‍, ആനന്ദ് ശര്‍മ, മനീഷ് തിവാരി, ഭൂപീന്ദര്‍ ഹൂഡ, അഖിലേഷ് പ്രസാദ് സിങ്, പൃഥ്വിരാജ് ചവാന്‍, പി.ജെ കുര്യന്‍, മണിശങ്കര്‍ അയ്യര്‍, ശശി തരൂര്‍ തുടങ്ങിയവര്‍ ഗുലാം നബി ആസാദിന്റെ വസതിയില്‍ യോഗം ചേര്‍ന്നിരുന്നു.

തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ജി 23 ഗ്രൂപ്പിലെ ചില നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. നേതൃമാറ്റം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയായെങ്കിലും പ്രവര്‍ത്തകസമിതി യോഗത്തില്‍ അവര്‍ വിഷയം ഉന്നയിച്ചിരുന്നില്ല. അശോക് ഗെഹ്ലോട്ട് നടത്തിയ അനുനയ ശ്രമങ്ങളെ തുടര്‍ന്നാണ് ജി 23 നേതാക്കള്‍ സംയമനം പാലിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്.

അതേസമയം, അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ഗാന്ധി കുടുംബം മാത്രമല്ല ഉത്തരവാദികളെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞിരുന്നു. അഖിലേന്ത്യ, സംസ്ഥാനം, ജില്ല, ബ്ലോക്ക് എന്നീ തലങ്ങളിലായി നേതൃപദവിയിലുള്ളവരെല്ലാം പരാജയത്തിന് ഉത്തരവാദികളാണെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ജി23 വിമതര്‍ പാര്‍ട്ടിയെ വിഘടിപ്പിക്കരുതെന്ന് മുന്‍ കേന്ദ്രമന്ത്രി കൂടിയായ ചിദംബരം ആവശ്യപ്പെട്ടു.