മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഇന്ന് നടത്താനിരുന്ന സുപ്രധാന ഗഗൻയാൻ പരീക്ഷണ വിക്ഷേപണം മാറ്റിവെച്ചതായി ഐസ്ആർഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ ഇന്ന് 8.30 ഓടെ നടക്കേണ്ടിയിരുന്ന ആദ്യ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷനാണ് മാറ്റിവെച്ചത്. എഞ്ചിൻ ജ്വലനം സാധ്യമാകാത്തതാണ് പരീക്ഷണ വിക്ഷേപണത്തിന് പ്രതിസന്ധിയായത്.
8.45 ന് വിക്ഷേപണത്തിനായുള്ള ഓട്ടോമാറ്റിക്ക് ലോഞ്ച് സ്വീക്വന്‍സ് ആരംഭിച്ചതായിരുന്നു. എന്നാല്‍ അവസാന അഞ്ച് സെക്കന്റില്‍ ഇഗ്നിഷന്‍ പ്രവര്‍ത്തിച്ചുവെങ്കിലും വിക്ഷേപണം നിര്‍ത്തലാക്കപ്പെട്ടു. ഓട്ടോമാറ്റിക് ലോഞ്ച് സീക്വന്‍സിന്റെ ഭാഗമായുള്ള കംപ്യൂട്ടര്‍ സംവിധാനമാണ് സെക്കന്റുകള്‍ ബാക്കി നില്‍ക്കെ വിക്ഷേപണം നിര്‍ത്തിവെച്ചതെന്ന് ഐഎസ്ആർഒ മേധാവി എസ്. സോമനാഥ് പറഞ്ഞു.
ബഹിരാകാശ യാത്രികരെ സുരക്ഷിതമായി താഴെയിറക്കുന്നതിലാണ് ഇന്ന് പരീക്ഷണം നടക്കാനിരുന്നത്. മനുഷ്യരെ 400 കിലോമീറ്റർ ഉയരെ ഭ്രമണപഥത്തിൽ എത്തിച്ച് താഴെ ഇറക്കുകയാണ് ഗഗൻയാന്റെ ദൗത്യം. വിക്ഷേപണത്തറയിൽ വച്ചോ പറന്നുയർന്ന് ബഹിരാകാശത്തേക്ക് എത്തുന്നതിന് മുമ്പോ റോക്കറ്റിന് വല്ലതും സംഭവിച്ചാൽ യാത്രക്കാരെയും യാത്രാ പേടകത്തെയും റോക്കറ്റിൽ നിന്ന് വേർപ്പെടുത്തി സുരക്ഷിതമായ അകലത്തേക്ക് മാറ്റുന്ന സംവിധാനമാണ് ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ.
Read more
മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനായി തയ്യാറാക്കുന്ന ഹ്യൂമൻ റേറ്റഡ് ലോഞ്ച് വെഹിക്കിൾ അല്ല ഈ പരീക്ഷണത്തിനായി ഉപയോഗിക്കുന്നത്, മറ്റൊരു പരീക്ഷണ വാഹനമാണ്. അതാണ് ടെസ്റ്റ് വെഹിക്കിൾ. അടുത്ത വർഷാവസാനം മൂന്ന് പേരെ ബഹിരാകാശത്തെത്തിക്കാൻ ആണ് ഐഎസ്ആർഒ ഒരുങ്ങുന്നത്. ചാന്ദ്രയാൻ 3യുടെയും ആദിത്യ എൽ 1 ന്റെയും വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഐഎസ്ആർഒ പുതിയ ദൗത്യത്തിന് ഒരുങ്ങുന്നത്.