മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും മരണത്തെക്കുറിച്ച് വിചിത്ര വാദമുന്നയിച്ച് ഉത്തരാഖണ്ഡ് മന്ത്രി ഗണേഷ് ജോഷി. രാജീവും ഇന്ദിരയും അപകടത്തില്‍ മരിച്ചതാണെന്നും അവരെ ആരും വധിച്ചതല്ലെന്നും കൃഷി മന്ത്രി ഗണേഷ് ജോഷി പറഞ്ഞു.
‘രാഹുല്‍ ഗാന്ധിയുടെ ഇപ്പോഴത്തെ ബുദ്ധിമോശത്തില്‍ എനിക്ക് വലിയ ഖേദം തോന്നുന്നു. രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയാണോ, അല്ല ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ഭഗത് സിംഗ്, സവര്‍ക്കര്‍, ചന്ദ്രശേഖര്‍ ആസാദ് എന്നിവര്‍ രക്ഷസാക്ഷികളായിട്ടുണ്ട്. എന്നാല്‍ ഗാന്ധി കുടുംബത്തിലെ അംഗങ്ങള്‍ക്ക് സംഭവിച്ചത് വെറും അപകടങ്ങളായിരുന്നു. അപകടങ്ങളും രക്ഷസാക്ഷിത്വവും തമ്മില്‍ വ്യത്യാസമുണ്ട്’.. ജോഷി പറഞ്ഞു.
ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ ഇന്ദിരായുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകത്തെക്കുറിച്ച് ഫോണിലൂടെ കേള്‍ക്കേണ്ടിവരുന്ന അവസ്ഥയെക്കുറിച്ച് രാഹുല്‍ സംസാരിച്ചിരുന്നു. മോദിക്കും അമിത്ഷാക്കും ആര്‍.എസ്.എസിനും ആ വേദന മനസിലാകില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.
ഇതിന് മറുപടിയായാണ് ഗണേഷ് ജോഷി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഭാരത് ജോഡോയാത്രയുടെ സമാപനസമ്മേളനം സുഗമമായി നടക്കാന്‍ കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും മന്ത്രി പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയില്ലെങ്കില്‍ ജമ്മു കശ്മീരില്‍ സാധാരണ നിലയിലെത്തില്ലായിരുന്നു. അങ്ങനെയെങ്കില്‍ ലാല്‍ ചൗക്കില്‍ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ കഴിയുമായിരുന്നില്ല. ഗണേഷ് ജോഷി പറഞ്ഞു.