ഗുജറാത്തില്‍ വാതക ചോര്‍ച്ച; ആറു പേര്‍ മരിച്ചു, ഇരുപത് പേര്‍ ആശുപത്രിയില്‍

ഗുജറാത്തില്‍ വിഷവാതകം ശ്വസിച്ച് ആറ് പേര്‍ മരിച്ചു. സൂറത്തിലെ വിശ്വപ്രേം ഡൈയിഗ് ആന്റ് പ്രിന്റിംഗ് മില്ലിലെ ജീവനക്കാരാണ് മരിച്ചത്. ഇരുപതിലധികം ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്.

സൂറത്തിലെ സച്ചിന്‍ ജിഐഡിസി വ്യവസായ മേഖലയില്‍ പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ടാങ്കറില്‍ നിന്ന് വാതകചോര്‍ച്ച  ഉണ്ടായതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക വിവരം. സൂറത്ത് ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

Read more

വഡോദരയില്‍ നിന്നാണ് ടാങ്കര്‍ വന്നത്. പ്രദേശത്തെ ഓടയില്‍ ഡ്രൈവര്‍ അനധികൃതമായി രാസമാലിന്യം തള്ളാന്‍ ശ്രമിക്കുകയായിരുന്നു എന്നും ഇതിനിടെ ടാങ്കറിലെ രാസവസ്തുവുമായി സമ്പര്‍ക്കം പുലര്‍ത്തിയതാണ് ദുരന്തത്തിന് കാരണം എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപകടം ഉണ്ടായതിന് പിന്നാലെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.