കർണാടക കൊപ്പൽ ജില്ലയിലെ തുംഗഭദ്ര അണക്കെട്ടിന്റെ ഒരു ഗേറ്റ് തകർന്നു. പൊട്ടിയ ഗേറ്റിലൂടെ 35,000 ക്യുസെക്സ് വെള്ളം പുറത്തേക്ക് ഒഴുകി. ആകെ 35 ഗേറ്റുകളാണ് ഡാമിനുള്ളത്. ഡാം തകരുന്നത് ഒഴിവാക്കാൻ 35 ഗേറ്റുകളും തുറന്നു. സംസ്ഥാനത്ത് അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.
മുല്ലപെരിയാർ കഴിഞ്ഞാൽ സുർക്കി മിശ്രിതം കൊണ്ട് നിർമിച്ച രാജ്യത്തെ രണ്ടാമത്തെ വലിയ ഡാമാണ് തുംഗഭദ്ര. ഇന്നലെ രാത്രി 11 മണിയോടെയാണ് ഡാമിന്റെ ഗേറ്റ് തകർന്നത്. ആയിരക്കണക്കിന് കർഷകരുടെ ജീവനാഡിയായ അണക്കെട്ടാണിത്. തീരദേശ-മലനാട് മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് തുംഗഭദ്ര അണക്കെട്ടിലേക്ക് അമിതമായി വെള്ളം കയറുകയാണ്. ഇതാണ് ഡാമിന്റെ ഗേറ്റ് തകരാൻ കാരണമെന്നാണ് വിലയിരുത്തുന്നത്.
ഡാമിന്റെ ഗേറ്റ് തകർന്ന് വെള്ളം പുറത്തേക്ക് ഒഴുകിയെങ്കിലും അത് കൂടാതെ ഡാമിന്റെ 35 ഗേറ്റുകളും തുറന്ന് വിട്ടത് വെള്ളത്തിൻ്റെ അനിയന്ത്രിതമായ ഒഴുക്കിന് കാരണമായി. ഈ സാഹചര്യത്തിൽ നദീതീരത്തുള്ള ഗ്രാമങ്ങളിൽ ആശങ്ക ഉയരുകയാണ്. നദീതീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് തുംഗഭദ്ര ജലസേചന വകുപ്പ് അറിയിച്ചു. കൊപ്പൽ എംഎൽഎ രാഘവേന്ദ്രയും ജലസേചന വകുപ്പിലെ വിദഗ്ധ സംഘവും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
പ്രധാന ഗേറ്റിൻ്റെ ചങ്ങലയ്ക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ അറ്റകുറ്റപ്പണികൾ വെല്ലുവിളി ഉയർത്തുകയാണ്. ഈ സാഹചര്യത്തിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ വിവിധ ഉദ്യോഗസ്ഥർക്ക് നിർദേശമുണ്ട്. അണക്കെട്ടിൻ്റെ ഇടതുകര മുകൾനില കനാലിൻ്റെ ഗേറ്റ് തകർന്ന് വൻതോതിൽ വെള്ളം നദീതടത്തിലേക്ക് തുറന്നുവിട്ട സമാനമായ സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. അന്ന് ഗേറ്റ് നന്നാക്കുന്നതിൽ സാങ്കേതിക സംഘത്തിന് കാര്യമായ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. പ്രധാന ക്രസ്റ്റ് ഗേറ്റിൻ്റെ നിലവിലെ ചെയിൻ തകരാർ വീണ്ടും വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.