കാര്‍ അപകടത്തില്‍ സംവിധായകന്‍ ഗൗതം മേനോന് പരുക്ക്; ഇടിച്ചു തകര്‍ന്നത് ആഢംബരകാര്‍

തമിഴ് സിനിമാ സംവിധായകന്‍ ഗൗതം മേനോന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. വ്യാഴാഴ്ച്ച രാവിലെ ചെന്നൈയിലെ ചെമ്മെഞ്ചേരിയിലായിരുന്നു അപകടം. ചെന്നൈയ്ക്ക് പോകുകയായിരുന്ന സംവിധായകന്റെ കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

കറുത്ത ബെന്‍സ് കാറിലായിരുന്നു ഗൗതം മേനോന്‍ സഞ്ചരിച്ചിരുന്നത്. മുന്നില്‍ പോയ ലോറി അപ്രതീക്ഷിതമായി തിരിഞ്ഞതാണ് അപകടമുണ്ടാകാനുള്ള കാരണം. മുന്നിലുള്ള ലോറി വെട്ടിച്ചപ്പോള്‍ നല്ല വേഗതയിലായിരുന്ന കാറും വെട്ടിച്ചു. ഇതാണ് ഡിവൈഡറില്‍ കാര്‍ ഇടിയ്ക്കാന്‍ ഇടയായത്.

അപകടസമയത്ത് സമീപപ്രദേശങ്ങളില്‍ ഉണ്ടായിരുന്നവരാണ് പൊലീസില്‍ വിവരം അറിയിച്ചത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അമിത വേഗത്തിലായിരുന്നതാണ് കാര്‍ അപകടത്തില്‍പ്പെടാന്‍ കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇടിയുടെ ആഘാതത്തില്‍ സംവിധായകന് നിസാരമായ പരുക്ക് പറ്റിയിട്ടുണ്ട്.