സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകൾ ശക്തമാക്കി നടപ്പ് സാമ്പത്തിക വർഷം സമാപിക്കുമ്പോൾ ഇന്ത്യയുടെ ജി ഡി പി വളർച്ചാ നിരക്ക് നാലു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന തോതിലായിരിക്കുമെന്ന് നിഗമനം. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് [സി എസ് ഒ] വെള്ളിയാഴ്ച പുറത്തു വിട്ട അഡ്വാൻസ് എസ്റ്റിമേറ്റ് പ്രകാരം 2017 -18 സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ ജി ഡി പി വളർച്ച 6 .5 ശതമാനമായിരിക്കും. മുൻ വർഷം 7 .1 ശതമാനമായിരുന്നു വളർച്ചാ നിരക്ക്. നോട്ട് നിരോധനവും ജി എസ് ടിയുമാണ് പ്രതികൂലമായി ബാധിച്ചതെന്ന് സർക്കാരിന്റെ തന്നെ സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാർട്മെന്റ് വിലയിരുത്തുന്നു.
കാർഷിക രംഗത്താണ് ഏറ്റവും കനത്ത ഇടിവ് ഉണ്ടായിരിക്കുന്നത്. ഈ രംഗത്തെ വളർച്ച പകുതിയായി താഴും. 2 .1 ശതമാനമാണ് കാർഷിക മേഖലയിലെ വളർച്ച. മുൻ വർഷം ഇത് 4 .9 ശതമാനമായിരുന്നു. വ്യവസായ രംഗത്തെ വളർച്ച 4 .4 ശതമാനത്തിലേക്ക് താഴുമെന്നാണ് നിഗമനം. സർവീസ് മേഖലയിൽ മാത്രമാണ് നേരിയ നേട്ടം രേഖപ്പെടുത്തിയത്. 8 .3 ശതമാനം വളർച്ച ഈ മേഖലയിൽ രേഖപെടുത്തുമെന്നാണ് നിഗമനം. കഴിഞ്ഞ വർഷം ഇത് 7 .7 ശതമാനമായിരുന്നു.