പാസ്പോര്‍ട്ടിനായി ഇനി കാത്തിരിക്കേണ്ട!; ആധാര്‍ നമ്പര്‍ നല്‍കിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ വീട്ടിലെത്തും

ആധാര്‍ നമ്പര്‍ കയ്യിലുണ്ടോ, എങ്കില്‍ ഇനി പാസ്‌പോര്‍ട്ട് കിട്ടാന്‍ കാത്തിരിക്കേണ്ടതില്ല. തത്ക്കാല്‍ അപേക്ഷകര്‍ക്ക് ക്ലാസ്-1 ഉദ്യോഗസ്ഥരുടെ ശുപാര്‍ശ വേണമെന്ന നിബന്ധന കേന്ദ്രം എടുത്തുകളഞ്ഞു. മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേഴ്‌സിന്റെ ഔദ്യോഗിക വക്താവാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വന്നത്.

ആധാര്‍കാര്‍ഡ് നമ്പര്‍ കൈവശമുള്ളവര്‍ക്ക് എളുപ്പത്തില്‍ തത്ക്കാല്‍ പാസ്‌പോര്‍ട്ട് ലഭ്യമാകും. പാന്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ പകാര്‍ഡ് എന്നിവയിലേതെങ്കിലും ഉളളവര്‍ക്കും താത്ക്കാലിന് അപേക്ഷിക്കാം. സാധാരണ പാസ്‌പോര്‍ട്ട് അപേക്ഷയില്‍ നിന്നും വ്യത്യസ്തമായി തത്ക്കാല്‍ പാസ്‌പോര്‍ട്ട് അപേക്ഷ വളരെ വേഗത്തിലാണ് വെരിഫിക്കേഷനും പ്രൊസസിംഗിനും വിധേയമാക്കുന്നത്. അതിനാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പാസ്‌പോര്‍ട്ട് ലഭ്യമാകും.

Read more

തത്ക്കാല്‍ കാറ്റഗറിയില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ കുതിച്ച് കയറ്റമുണ്ടായതിനെ തുടര്‍ന്നാണ് എളുപ്പത്തില്‍ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് നീക്കം സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. തത്ക്കാല്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ക്ക് അനക്‌സര്‍ എഫ് പ്രകാരം സ്‌പെസിമെന്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും ഒരു ക്ലാസ് 1 ഓഫീസറുടെ ശുപാര്‍ശയും നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഇനി മുതല്‍ തത്്കാല്‍ പാസ്‌പോര്‍ട്ട് അപേക്ഷകര്‍ക്ക് ക്ലാസ് വണ്‍ ഓഫീസറുടെ ശുപാര്‍ശ ആവശ്യമില്ലെന്ന് പൂണെയിലെ ഐഇഎസ് റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസറായ ജെ.ഡി വൈശംപായന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഇവിടുത്തെ ജനങ്ങളെ വിശ്വസിക്കുന്നുവെന്നതിന്റെ സൂചനയാണ് ഈ നടപടിയെന്ന് മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേര്‍സ് ആന്‍ഡ് ഓവര്‍സീസ് ഇന്ത്യന്‍ അഫയേര്‍സ് സെക്രട്ടറി ധ്യാനേശ്വര്‍ മുലേ ചൂണ്ടിക്കാട്ടി.