ഗുലാം നബി ആസാദിന് പിന്നാലെ ജമ്മുകാശ്മീര്‍ കോണ്‍ഗ്രസില്‍ വ്യാപക രാജി. മുന്‍ എംഎല്‍എമാര്‍ ഉള്‍പ്പടെ നിരവധിപേര്‍ പാര്‍ട്ടി വിട്ടു. അതേസമയം, ഗുലാം നബിയുടെ രാജി ദുഃഖകരമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
സോണിയയും രാഹുലും കോണ്‍ഗ്രസും വിലക്കയറ്റം ഉള്‍പ്പെടെയുള വിഷയങ്ങളില്‍ പ്രതിഷേധം ശക്തമാക്കുമ്പോഴാണ് രാജി. ഭാരത് ജോഡോ യാത്രക്കായി പാര്‍ട്ടി ഒരുങ്ങുന്നു. ഈ സമയത്തുള്ള രാജി ദൗര്‍ഭാഗ്യകരവും ദുഃഖകരവുമാണെന്ന് അജയ് മാക്കനും ജയറാം രമേശും പറഞ്ഞു.
കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഉള്‍പ്പടെ എല്ലാ സ്ഥാനമാനങ്ങളില്‍നിന്നും ഗുലാം നബി ആസാദ് രാജിവെച്ചു. സോണിയ ഗാന്ധിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. രാജിക്കത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.
അര നൂറ്റാണ്ടിലേറെയായി കോണ്‍ഗ്രസില്‍ സജീവമായിരുന്ന നേതാവാണ് ഗുലാം നബി ആസാദ്. ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ സമിതി അധ്യക്ഷസ്ഥാനം ആസാദ് അടുത്തിടെ രാജിവെച്ചിരുന്നു. ഇതില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അതൃപ്തി നിലനില്‍ക്കവേയാണ് ആസാദിന്റെ അപ്രതീക്ഷിത രാജി.
രാഹുല്‍ ഗാന്ധിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിടുന്നത്. രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വലിയ തിരിച്ചടി നേരിട്ടെന്നും തീരുമാനങ്ങളെടുക്കുന്നത് രാഹുലും സുരക്ഷാജീവനക്കാരുമാണെന്നും ആസാദ് പറഞ്ഞു.
2019 മുതല്‍ പാര്‍ട്ടിയുടെ സ്ഥിതി ഏറെ വഷളായി. സംഘടന ശക്തിപ്പെടുത്താന്‍ നടപടികളില്ല. ഇതിനുവേണ്ടി നല്‍കിയ നിര്‍ദേശങ്ങള്‍ 9 വര്‍ഷമായി ചവറ്റുകൊട്ടയിലാണ്. സോണിയ ഗാന്ധിക്കുപോലും കാര്യമായ റോളില്ല.
തീരുമാനങ്ങളെടുക്കുന്നത് രാഹുലും സുരക്ഷാജീവനക്കാരുമാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ മുതിര്‍ന്ന നേതാക്കള്‍ അവഹേളിക്കപ്പെട്ടെന്നും ഗുലാം നബി ആസാദ് ആരോപിച്ചു.