'നൽകിയത് പഴയ റിസൾട്ട്, ഞങ്ങളുടെ സമയം കളയാനാണോ ഇത്ര വലിയൊരു രേഖ സമർപ്പിച്ചത്'; മഹാകുംഭമേളയിലെ കോളിഫോം ബാക്ടീരിയ വിവാദത്തിൽ എന്‍ജിടി

മഹാകുംഭമേളയിലെ കോളിഫോം ബാക്ടീരിയ വിവാദത്തിൽ രൂക്ഷ വിമർശനവുമായി ദേശീയ ഹരിത ട്രൈബ്യൂണൽ. യുപിപിസിബി നൽകിയത് പഴയ റിസൾട്ടാണെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ അറിയിച്ചു. തങ്ങളുടെ സമയം കളയാനാണോ ഇത്രയും വലിയൊരു രേഖ സമർപ്പിച്ചതെന്നും ഉത്തർപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡിനെ വിമർശിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ പറഞ്ഞു. അതേസമയം ഒരാഴ്ചയ്ക്കുള്ളിൽ പുതിയ റിപ്പോർട്ട് സമർപ്പിക്കാമെന്ന് യുപിപിസിബി പ്രതിനിധി അറിയിച്ചു.

പ്രയാഗ്‌രാജിലെ സംഗമത്തിൽ നിന്ന് എടുത്ത പഴയ ജല സാമ്പിളുകളുടെ റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് ദേശീയ ഹരിത ട്രൈബ്യൂണൽ വിമർശനമുന്നയിച്ചത്. യുപിപിസിബി റിപ്പോർട്ടിനായി എടുത്ത സാമ്പിളുകൾ ജനുവരി 12 മുതലുള്ളതാണെന്ന് എൻജിടി ചൂണ്ടിക്കാട്ടി. ഞങ്ങളുടെ സമയം പാഴാക്കാനാണോ ഇത്രയും വലിയ ഒരു രേഖ സമർപ്പിച്ചത്തെന്ന് ഹരിത ട്രൈബ്യൂണൽ ചോദിച്ചു. അതേസമയം അടുത്തിടെ ശേഖരിച്ച ജലസാമ്പിളുകൾ തങ്ങളുടെ കൈവശമുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളിൽ നടപടിയെടുത്ത റിപ്പോർട്ടിനൊപ്പം അവ സമർപ്പിക്കുമെന്നും യുപിപിസിബിയെ പ്രതിനിധീകരിക്കുന്ന അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ട്രൈബ്യൂണലിനെ അറിയിച്ചു.

മഹാകുംഭമേള നടക്കുന്നതിനിടെ, സംഗം ജലാശയങ്ങളിൽ ‘ഫെക്കൽ കോളിഫോം’ ബാക്ടീരിയയുടെ അളവ് ആശങ്കാജനകമായ അളവിൽ കണ്ടെത്തിയതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ഹരിത ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമർപ്പിച്ച രേഖകൾ തെറ്റാണെന്ന് ചൂണ്ടി കാട്ടി ഹരിത ട്രൈബ്യൂണൽ രംഗത്തെത്തിയത്. ട്രൈബ്യൂണല്‍ ചെയര്‍ പേഴ്സണ്‍ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജുഡീഷ്യല്‍ അംഗം ജസ്റ്റിസ് സുധീര്‍ അഗര്‍വാള്‍, വിദഗ്ധ അംഗമായ എ. സെന്തില്‍ വേല്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന് മുമ്പാകെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

മഹാകുംഭമേള നടക്കുന്ന ഗംഗാനദിയില്‍ ഉയര്‍ന്ന അളവില്‍ മനുഷ്യ വിസര്‍ജ്യത്തിലുള്ള കോളിഫോം ബാക്ടീരിയ കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടുകളാണ് മുൻപ് പുറത്ത് വന്നത്. പ്രയാഗ്രാജിലെ ഗംഗാനദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളിലാണ് കോളിഫോം ബാക്ടീരിയയെ കണ്ടെത്തിയത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പരിശോധനയിലായിരുന്നു നിര്‍ണായക കണ്ടെത്തല്‍. ഗംഗാനദിയിലെ പലയിടങ്ങളിലും കോളിഫോം ബാക്ടീരിയയുടെ അളവ് അനുവദിനീയമായതിലും ഉയര്‍ന്നതാണെന്ന് യുപി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. പരിശോധന നടത്തിയ നദിയിലെ എല്ലായിടത്തും ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായും റിപ്പോർട്ടിലുണ്ടായിരുന്നു.

Read more