50 ലക്ഷം കോടിയുടെ നിക്ഷേപം ലക്ഷ്യമിട്ട് കര്‍ണാടക സര്‍ക്കാര്‍ നടത്തുന്ന ആഗോള നിക്ഷേപക സംഗമത്തിന്റെ ആദ്യ ദിനത്തില്‍ ഒപ്പിട്ടത് 7.6 ലക്ഷം കോടിയുടെ കരാറുകള്‍. അദാനി, ജിന്‍ഡാല്‍, സ്റ്റെര്‍ലൈറ്റ് പവര്‍ എന്നിവരാണ് കര്‍ണാടക സര്‍ക്കാരുമായി കരാറില്‍ ഒപ്പിട്ടത്. ജെ.എസ്.ഡബ്ല്യു. ഗ്രൂപ്പും അദാനി ഗ്രൂപ്പും കര്‍ണാടകയില്‍ ഒരുലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് വ്യക്തമാക്കി. കര്‍ണാടകയില്‍ അടുത്ത അഞ്ചു വര്‍ഷത്തിനകം ഒരു ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് ജെ.എസ്.ഡബ്ല്യു. ഗ്രൂപ്പ് ചെയര്‍മാന്‍ സജ്ജന്‍ ജിന്‍ഡാല്‍ വ്യക്തമാക്കി.
നിലവിലുള്ള ഒരു ലക്ഷം കോടിയുടെ നിക്ഷേപത്തിന് പുറമേയാണിത്. സ്റ്റീല്‍, ഹരിത വാതകം, സിമന്റ്, പെയിന്റ്, പുതിയ ഗ്രീന്‍ഫീല്‍ഡ് പോര്‍ട്ട് എന്നീ മേഖലയിലാകും നിക്ഷേപം നടത്തുക. ഗ്രൂപ്പിന്റെ ബല്ലാരിയിലെ സ്റ്റീല്‍ പ്ലാന്റ് ഉടന്‍തന്നെ ലോകത്തെ ഏറ്റവും വലിയ സ്റ്റീല്‍ പ്ലാന്റായി മാറുമെന്നും ജിന്‍ഡാല്‍ പറഞ്ഞു.
അടുത്ത ഏഴു വര്‍ഷത്തിനുള്ളിലാണ് അദാനി ഗ്രൂപ്പ് കര്‍ണാടകത്തില്‍ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുന്നതെന്ന് അദാനി പോര്‍ട്സ് ആന്‍ഡ് സെസ് സി.ഇ.ഒ. ഗൗതം അദാനി മീറ്റില്‍ വ്യക്തമാക്കി. സിമന്റ്, വൈദ്യുതി, പൈപ്പ് ഗ്യാസ്, ഭക്ഷ്യ എണ്ണ, ഗതാഗതം, ചരക്കുനീക്കം, ഡിജിറ്റല്‍ മേഖലകളിലാണ് നിക്ഷേപം നടത്തുക. കര്‍ണാടകയില്‍ 20,000 കോടിയുടെ നിക്ഷേപം അദാനി ഗ്രൂപ്പ് നടത്തിയിട്ടുണ്ടെന്നും ഗൗതം പറഞ്ഞു.
മംഗളൂരുവില്‍ അദാനി വില്‍മറിന്റെ സാന്നിധ്യം വര്‍ധിക്കുമെന്നും അദേഹം പറഞ്ഞു. സംസ്ഥാനത്ത് ഏഴു ദശലക്ഷം ടണ്‍ നിര്‍മാണശേഷിയുള്ള നാലു സിമന്റ് ഫാക്ടറികള്‍ സ്ഥാപിച്ചുകഴിഞ്ഞു. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം മുഖം മിനുക്കലിലാണ്. വിമാനത്താവളം വികസിപ്പിക്കുമെന്നും അദേഹം പറഞ്ഞു. ആഗോള നിക്ഷേപ സംഗമത്തിന് പ്രതീക്ഷിച്ചതിലും മികച്ച തുടക്കമാണ് ലഭിച്ചതെന്ന് വ്യവസായ മന്ത്രി മുരുകേഷ് നിറാനി പറഞ്ഞു. ആദ്യദിനം 7.6 ലക്ഷംകോടിയുടെ നിക്ഷേപ കരാറുകള്‍ വിവിധ കമ്പനികളുമായി ഒപ്പിട്ടെന്നും അദേഹം വ്യക്തമാക്കി.