ഇഡ്ഡലിയും സാമ്പാറും വില്‍ക്കുന്നതിനാലാണ് ഗോവയിൽ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ തിരക്ക് കുറയുന്നതെന്ന ആരോപണവുമായി കാരണം ബിജെപി എംഎൽഎ മൈക്കല്‍ ലോബോ. വിദേശികളുടെ എണ്ണം കുറയുന്നതിന് സര്‍ക്കാരിനെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്നും എല്ലാവരും ഉത്തരവാദികളാണെന്നും മൈക്കല്‍ ലോബോ പറഞ്ഞു. ദി ഹിന്ദു ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.
എല്ലാ വര്‍ഷവും ചില വിദേശികള്‍ ഗോവ സന്ദര്‍ശിക്കാറുണ്ടെന്നും എന്നാല്‍ വിദേശത്തുനിന്നുള്ള യുവ വിനോദസഞ്ചാരികള്‍ സംസ്ഥാനത്തുനിന്ന് അകന്നുപോകുകയാണെന്നും മൈക്കല്‍ ലോബോ പറഞ്ഞു. ബെംഗളൂരുവില്‍നിന്നുള്ള ചിലര്‍ ‘വട പാവ്’ വിളമ്പുന്നു, ചിലര്‍ ഇഡ്ഡലി-സാമ്പാര്‍ വില്‍ക്കുന്നു എന്നാണ് മൈക്കല്‍ ലോബോ പറഞ്ഞത്. കഴിഞ്ഞ രണ്ടുവര്‍ഷമായി സംസ്ഥാനത്ത് വിനോദസഞ്ചാരികള്‍ കുറയുകയാണ്. വിദേശ വിനോദസഞ്ചാരികള്‍ ഗോവയിലേക്ക് വരാന്‍ തയ്യാറാകാത്തതിന്റെ കാരണങ്ങള്‍ ടൂറിസം വകുപ്പും മറ്റ് പങ്കാളികളും സംയുക്ത യോഗം ചേര്‍ന്ന് പഠിക്കണമെന്നും മൈക്കല്‍ ലോബോ കൂട്ടിച്ചേർത്തു.
ഇക്കാര്യം പരിഹരിക്കാന്‍ ഒരു സംവിധാനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ സംസ്ഥാനത്തെ ടൂറിസം മേഖല ഇരുണ്ട ദിനങ്ങളിലേക്ക് നീങ്ങുമെന്നും മൈക്കല്‍ ലോബോ മുന്നറിയിപ്പ് നല്‍കി. തീരദേശമേഖലയില്‍ അത് തെക്കോ വടക്കോ ആകട്ടെ, വിദേശസന്ദശകരുടെ വരവില്‍ ഗണ്യമായ കുറവുണ്ടായി. നിരവധി ഘടങ്ങള്‍ ഇതിന് കാരണമാണ്. പങ്കാളികള്‍ എന്ന നിലയില്‍ എല്ലാവരും അതിന്റെ ഉത്തരവാദിത്വം വഹിക്കണം. വിദേശസഞ്ചാരികള്‍ ഗോവയിലേക്ക് വരാത്തതിന്റെ കാരണം പഠിക്കണമെന്നും മൈക്കല്‍ ലോബോ ആവശ്യപ്പെട്ടു.