ജാർഖണ്ഡിൽ മികച്ച പോളിംഗ്; ഗ്രാമീണ മേഖലകളിലടക്കം ശക്തമായ തിരക്ക്, നേട്ടമാകുമെന്ന് എൻഡിഎയും ഇന്ത്യ സഖ്യവും

നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്ന ജാർഖണ്ഡിൽ മികച്ച പോളിംഗ്. 3 മണിവരെ 61.47 % ശതമാനം പോളിം​ഗ് രേഖപ്പെടുത്തി. ഗ്രാമീണ മേഖലകളിലടക്കം ശക്തമായ പോളിം​ഗാണ് രേഖപ്പെടുത്തുന്നത്. ​ഉയർന്ന പോളിംഗ് ശതമാനം നേട്ടമാകുമെന്നാണ് എൻഡിഎയും ഇന്ത്യ സഖ്യവും അവകാശപ്പെടുന്നത്.

ഒന്നാം ഘട്ടത്തിലും 2019 ലേതിനേക്കാൾ മികച്ച പോളിംഗ് ജാർഖണ്ഡില് രേഖപ്പെടുത്തിയിരുന്നു. 38 മണ്ഡലങ്ങളിലായി 528 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. മുഖ്യമന്ത്രി ഹേമന്ത് സോറൻ മത്സരിക്കുന്ന ബർഹെയ്ത്, ഭാര്യ കൽപന സോറൻ മത്സരിക്കുന്ന ​ഗാണ്ഡെ, ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബാബുലാൽ മറാണ്ടി മത്സരിക്കുന്ന ധൻവാർ എന്നീ മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.

Read more

ഉയർന്ന പോളിം​ഗ് ​ഗുണമാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടികൾ. ഹരിയാന തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ നടക്കുന്ന ജാർഖണ്ഡിലെ തിരഞ്ഞെടുപ്പ് ഉത്തരേന്ത്യയിൽ കോൺ​ഗ്രസിന് നിർണായകമാണ്. അട്ടിമറി വിജയ പ്രതീക്ഷയിലാണ് ബിജെപി. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിൽ ഒരു മണി വരെ 32.18 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്.