ഡല്‍ഹി ഹന്‍സ് രാജ് കോളജിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന ഗോശാലക്കെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. ആയിരകണക്കിന് പെണ്‍കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് വേണ്ടി ഇവിടെ ഇതുവരെ ഒരു ഹോസ്റ്റല്‍ നിര്‍മ്മിച്ചിട്ടില്ല. കോളജില്‍ വനിതാ ഹോസ്റ്റല്‍ നിര്‍മ്മിക്കാനായി അനുവദിച്ച ഭൂമിയിലാണ് ഗോശാല സ്ഥാപിച്ചിരിക്കുന്നത് എന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
കോവിഡിനെ തുടര്‍ന്ന് കോളജ് അടഞ്ഞു കിടന്ന സമയത്താണ് ഗോശാല ആരംഭിച്ചത് എന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. സ്വാമി ദയാനന്ദ് പശു സംരക്ഷണ ഗവേഷണ കേന്ദ്രത്തിന്റെ പേരില്‍ കോളേജ് അധികൃതര്‍ ഗോശാലയ്ക്ക് പുറത്ത് ഒരു ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. അതേസമയം കോളജില്‍ പശുക്കളെ കുറിച്ച് പഠിക്കുന്ന ഒരു വിഭാഗം ഇല്ലെന്നും പശു ഉല്‍പന്നങ്ങളെക്കുറിച്ചുള്ള ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന്റെ മറവില്‍ പശുസംരക്ഷണ കേന്ദ്രം സ്ഥാപിക്കുകയായിരുന്നു എന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
കോളജ് ക്യാമ്പസില്‍ ഗോശാല സ്ഥാപിച്ചതിവല് പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ പെറ്റീഷന്‍ സമര്‍പ്പിച്ചു. കോളജ് പ്രിന്‍സിപ്പാള്‍ രാമ ശര്‍മ്മ വിദ്യാര്‍ത്ഥികളുടെ ആരോപണങ്ങളെ നിഷേധിച്ചു. ഒരു പശു തെഴുത്തില്‍ നില്‍ക്കുന്നത് കോളജ് ഗോശാല സ്ഥാപിച്ചു എന്നല്ല അര്‍ഥമാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഗവേഷണ ആവശ്യങ്ങള്‍ക്കായി കോളേജില്‍ ഒരു പശു മാത്രമാണ് ഉള്ളത്. ചാണകം, പശുവിന്‍ പാല്‍, മറ്റ് പശു ഉല്‍പ്പന്നങ്ങള്‍ എന്നിവ ഗവേഷണത്തിനായി ഈ സ്ഥാപനത്തില്‍ ഉപയോഗിക്കും. തങ്ങള്‍ക്ക് ഒരു ഗോശാല സ്ഥാപിക്കണമെങ്കില്‍, സൗകര്യത്തിനായി ഞങ്ങള്‍ ഒരു വലിയ പ്രദേശം ഉപയോഗിക്കുമായിരുന്നു എന്നും രാമ ശര്‍മ്മ പറഞ്ഞു.
Read more
ഹോസ്റ്റലിനായി നീക്കിവച്ച സ്ഥലത്ത് പശുഗവേഷണ കേന്ദ്രം സ്ഥാപിച്ചതില്‍ വിദ്യാര്‍ത്ഥികള്‍ കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തി. സംഭവത്തിനെതിരെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ ശക്തമാക്കാനാണ് തീരുമാനം.