പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി വാങ്ങണം; നിര്‍ദ്ദേശവുമായി മഹാരാഷ്ട്രയിലെ മുസ്ലിം സംഘടന

പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി തേടണമെന്ന് നിര്‍ദ്ദേശിച്ച് മഹാരാഷ്ട്രയിലെ മുസ്ലിം സംഘടന. ജാമിയത്ത്-ഉലമ-ഇ-ഹിന്ദാ് യൂണിറ്റാണ് പള്ളികള്‍ക്ക് പുതിയ നിര്‍ദ്ദേശം നല്‍കിയത്. മതപരമായ സ്ഥലങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് അനുമതി തേടുന്നത് സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധമാക്കാനിരിക്കെയാണ് തീരുമാനം.

മുന്‍കാല കോടതി ഉത്തരവുകള്‍ നടപ്പാക്കാന്‍ കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പ് തീരുമാനിച്ചിരുന്നു. ഉച്ചഭാഷിണി ഉപയോഗിക്കുന്നത് സംബന്ധിച്ച് മഹാരാഷ്ട്രയില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ നീക്കം.

‘സംസ്ഥാനത്തെ മിക്ക പള്ളികളും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് പൊലീസ് വകുപ്പുകളില്‍ നിന്ന് അനുമതി വാങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, ഞാന്‍ ഇപ്പോഴും പള്ളികളോട് അപേക്ഷിക്കുന്നു. സംസ്ഥാനത്ത് പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് അനുമതി വാങ്ങാത്തവര്‍ അനുമതി വാങ്ങണം.’ജമിയത്ത്-ഉലമ-ഇ-ഹിന്ദ് സെക്രട്ടറി ഗുല്‍സാര്‍ ആസ്മി പറഞ്ഞു.

പൊലീസിന്റെ ഭാഗത്ത് നിന്ന് വളരെയധികം സഹകരണമാണുള്ളത്. പൊലീസ് വകുപ്പ് ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉച്ചഭാഷിണി പ്രശ്‌നം കൈകാര്യം ചെയ്തതിന് മഹാരാഷ്ട്ര സര്‍ക്കാരിനെ അഭിനന്ദിച്ച അസമി, എല്ലാവര്‍ക്കും നീതി ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പറഞ്ഞു.

Read more

മെയ് 3 നകം പള്ളികളില്‍ നിന്ന് ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണമെന്നും ഇല്ലെങ്കില്‍ എംഎന്‍എസ് പ്രവര്‍ത്തകര്‍ പള്ളിക്ക് പുറത്ത് സ്പീക്കറുകള്‍ സ്ഥാപിച്ച് ഹനുമാന്‍ ചാലിസ വായിക്കുമെന്നുമാണ് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന അദ്ധ്യക്ഷന്‍ രാജ് താക്കറെ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയത്.