അർണബ് ഗോസ്വാമിയുടെ ചാറ്റ് ചോർന്ന സംഭവം; സർക്കാരിന് കാതടപ്പിക്കുന്ന നിശ്ശബ്ദത: സോണിയ ഗാന്ധി

ബാലകോട്ട് ആക്രമണത്തെ കുറിച്ച് റിപ്പബ്ലിക്ക് ടി.വി അവതാരകൻ അർണബ് ഗോസ്വാമിക്ക് അറിവുണ്ടായിരുന്നു എന്ന് പറയുന്ന വാട്‌സ്ആപ്പ് ചാറ്റുകൾ ചോർന്ന സംഭവത്തിൽ സർക്കാരിന് കാതടപ്പിക്കുന്ന നിശ്ശബ്ദതയാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. ദേശീയ സുരക്ഷയുടെ കാര്യത്തിൽ വലിയ വിട്ടുവീഴ്ചയാണ് സർക്കാർ ചെയ്തതെന്നും സോണിയ ഗാന്ധി ആരോപിച്ചു.

കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയുടെ (സിഡബ്ല്യുസി) യോഗത്തിൽ ഉദ്ഘാടന പ്രസംഗത്തിൽ സോണിയ ഗാന്ധി കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ടും കേന്ദ്ര സർക്കാരിനെ വിമർശിച്ചു. സർക്കാരിന് ഈ വിഷയത്തിൽ ഞെട്ടിക്കുന്ന നിര്‍വികാരതയും അഹങ്കാരവും ആണെന്ന് സോണിയ ഗാന്ധി ആരോപിച്ചു.

ദേശീയ സുരക്ഷ വളരെയധികം വിട്ടുവീഴ്ച ചെയ്യപ്പെട്ടതായുള്ള അസ്വസ്ഥജനകമായ റിപ്പോർട്ടുകൾ  അടുത്തിടെ വന്നിട്ടുണ്ട്. ഏതാനും ദിവസം മുമ്പ് സൈനിക നടപടികളുടെ ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തുന്നത് രാജ്യദ്രോഹമാണെന്ന് മുൻ പ്രതിരോധ മന്ത്രി എ കെ ആന്റണി പറഞ്ഞിരുന്നു. എന്നിട്ടും വെളിപ്പെട്ട കാര്യങ്ങളിൽ സർക്കാരിന്റെ ഭാഗത്തു നിന്നുള്ള നിശ്ശബ്ദത കാതടപ്പിക്കുന്നതാണ്, ”സോണിയ ഗാന്ധി തന്റെ വെർച്വൽ പ്രസംഗത്തിൽ പറഞ്ഞു.

ദേശസ്നേഹത്തിന്റെയും ദേശീയതയുടെയും സർട്ടിഫിക്കറ്റുകൾ മറ്റുള്ളവർക്ക് നൽകുന്നവരുടെ തനിനിറം പൂർണമായും വെളിപ്പെട്ടിരിക്കുകയാണെന്ന് സോണിയ ഗാന്ധി പറഞ്ഞു.

ഡൽഹിയുടെ അതിർത്തിയിൽ വൻ പ്രതിഷേധത്തിന് കാരണമായ മൂന്ന് കാർഷിക നിയമങ്ങൾ തിടുക്കത്തിൽ തയ്യാറാക്കിയതാണെന്ന് കർഷകരുടെ പ്രക്ഷോഭത്തെ കുറിച്ച് സംസാരിച്ച സോണിയ ഗാന്ധി പറഞ്ഞു.

“കർഷകരുടെ പ്രക്ഷോഭം തുടരുകയാണ്, കർഷകരുമായി നടത്തുന്ന ചർച്ചകളിൽ ഞെട്ടിക്കുന്ന നിര്‍വികാരതയും ധാർഷ്ട്യവുമാണ് സർക്കാർ കാണിക്കുന്നത്,” സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു.

Read more

കോൺഗ്രസ് പാർട്ടിയുടെ തീരുമാനങ്ങൾ എടുക്കുന്ന ഏറ്റവും ഉയർന്ന സമിതിയായ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി പുതിയ പാർട്ടി അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്നതിനായുള്ള യോഗങ്ങൾക്ക് ആരംഭം കുറിച്ചു.