ജൂലൈ അവസാനത്തോടെ 50 കോടി കോവിഡ് വാക്സിൻ ഡോസുകൾ നൽകുക എന്ന ലക്ഷ്യം ഇന്ത്യക്ക് നഷ്ടമാകുമെന്ന് അവകാശപ്പെടുന്ന മാധ്യമ റിപ്പോർട്ടുകൾ തള്ളി കേന്ദ്ര സർക്കാർ. റിപ്പോർട്ടിൽ ഉള്ളത് തെറ്റായ വിവരങ്ങളാണെന്നും വസ്തുതകളെ തെറ്റായി ചിത്രീകരിക്കുനതാണെന്നും പറഞ്ഞ കേന്ദ്ര സർക്കാർ ജനുവരി മുതൽ ജൂലൈ 31 വരെ 51.60 കോടി വാക്സിൻ ഡോസുകൾ വിതരണം ചെയ്യുമെന്നും പറഞ്ഞു.
കോവിഡ് -19 വാക്സിൻ ജൂലൈ അവസാനത്തോടെ അര ബില്യൺ (50 കോടി) ഡോസ് നൽകാനുള്ള ലക്ഷ്യം രാജ്യത്തിന് നഷ്ടമാകുമെന്ന് ആരോപിച്ച് അടുത്തിടെ വന്ന മാധ്യമ റിപ്പോർട്ടുകൾ പരാമർശിച്ച് ആരോഗ്യ മന്ത്രാലയം പ്രസ്താവന ഇറക്കി. ഈ മാസം അവസാനത്തോടെ 516 ദശലക്ഷം (51.60 കോടി) വാക്സിൻ ഷോട്ടുകൾ ലഭ്യമാക്കുമെന്ന് സർക്കാർ മെയ് മാസത്തിൽ വ്യക്തമാക്കിയിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.
ഈ റിപ്പോർട്ടുകൾ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ളതാണെന്നും വസ്തുതകളെ തെറ്റായി ചിത്രീകരിക്കുനതാണെന്നും കേന്ദ്രം പ്രസ്താവനയിൽ പറയുന്നു. ജനുവരി മുതൽ ജൂലൈ അവസാനം വരെ ലഭ്യമാകാൻ സാധ്യത ഉള്ള വാക്സിൻ ഡോസുകളെക്കുറിച്ച് പറയുന്ന വിവിധ സ്രോതസ്സുകളിൽ നിന്ന് എടുത്തതാകാം റിപ്പോർട്ടിൽ പറയുന്ന 516 ദശലക്ഷം വാക്സിൻ ഡോസുകളുടെ കണക്ക് എന്ന് സർക്കാർ പറഞ്ഞു. 2021 ജനുവരി മുതൽ 2021 ജൂലൈ 31 വരെ മൊത്തം 516 ദശലക്ഷത്തിലധികം (അര ബില്യണിലധികം) വാക്സിൻ ഡോസുകൾ വിതരണം ചെയ്യുമെന്നതാണ് വസ്തുത എന്നും സർക്കാർ പറഞ്ഞു.
അഡ്വാൻസ് അലോക്കേഷൻ പ്ലാൻ അനുസരിച്ചാണ് സംസ്ഥാനങ്ങൾക്ക് വാക്സിൻ ഡോസുകൾ വിതരണം ചെയ്യുന്നതെന്നും ഇതേക്കുറിച്ച് സംസ്ഥാങ്ങൾക്ക് മുൻകൂട്ടി അറിയിപ്പു നൽകാറുണ്ടെന്നും സർക്കാർ പറഞ്ഞു. വാക്സിനുകൾ മാസം മുഴുവൻ വിവിധ ഷെഡ്യൂളുകളിൽ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്നു. അതിനാൽ, ഒരു പ്രത്യേക മാസാവസാനം വരെ 516 ദശലക്ഷം ഡോസുകൾ ലഭ്യമാക്കി എന്നതുകൊണ്ട്, ആ മാസം അതുവരെ വിതരണം ചെയ്ത ഓരോ ഡോസും ഉപയോഗിച്ചു എന്ന് അർത്ഥമാക്കുന്നില്ല എന്നും സർക്കാർ പറയുന്നു.
ഓരോ സംസ്ഥാനങ്ങളിലും വാക്‌സിൻ കുത്തിവയ്പ്പ് നടക്കുന്നതിനോടൊപ്പം തന്നെ വാക്സിൻ ഡോസുകളുടെ വിതരണം തുടർന്ന് കൊണ്ടേയിരിക്കും എന്നും കേന്ദ്രം പ്രസ്താവനയിൽ പറയുന്നു.
ജനുവരി മുതൽ ഇന്നുവരെ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും 45.7 കോടി ഡോസുകൾ വിതരണം ചെയ്തിട്ടുണ്ട്. ജൂലൈ 31 നകം 6.03 കോടി ഡോസുകൾ കൂടി വിതരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അപ്പോൾ ജനുവരി മുതൽ ജൂലൈ 31 വരെ വിതരണം ചെയ്ത മൊത്തം ഡോസുകളുടെ എണ്ണം 51.73 കോടിയായിരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
“ഇന്ത്യ 440 ദശലക്ഷം (44.19 കോടി) ഡോസുകൾ ഇതുവരെ നൽകി എന്നത് അഭിനന്ദനാർഹമാണ്, ഇത് ലോകത്തിലെ ഏറ്റവും വലിയ സംഖ്യയാണ്, മാത്രമല്ല ഇത് വളരെ വേഗതയിൽ ചെയ്തു. ഇതിൽ 9.6 കോടി രണ്ട് ഡോസുകളും നൽകിയതിന്റെ കണക്കാണ്,” പ്രസ്താവനയിൽ പറയുന്നു.
മൊത്തം 11.97 കോടി കോവിഡ് വാക്സിൻ ഡോസുകൾ ജൂണിൽ നൽകി. ജൂലൈ മാസത്തിൽ (ജൂലൈ 26 വരെ) മൊത്തം 10.62 കോടി ഡോസുകൾ നൽകി.
വാക്സിനുകളുടെ ലഭ്യതയനുസരിച്ച് അർഹരായ പൗരന്മാർക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.