സ്ത്രീകളുടെ വിവാഹത്തിനുള്ള ശരിയായ പ്രായം സംബന്ധിച്ച് സർക്കാർ തീരുമാനം ഉടൻ: നരേന്ദ്രമോദി

ബന്ധപ്പെട്ട കമ്മിറ്റി റിപ്പോർട്ട് നൽകിയാലുടൻ സ്ത്രീകളുടെ വിവാഹത്തിനുള്ള ശരിയായ പ്രായം സർക്കാർ തീരുമാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

“നമ്മുടെ പെൺമക്കളുടെ വിവാഹത്തിനുള്ള ശരിയായ പ്രായം തീരുമാനിക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. എന്തുകൊണ്ടാണ് ബന്ധപ്പെട്ട കമ്മിറ്റി ഇതുവരെ തീരുമാനം നൽകാത്തത് എന്ന് ചോദിച്ച് രാജ്യത്തുടനീളമുള്ള പെൺമക്കൾ എനിക്ക് കത്തെഴുതി, റിപ്പോർട്ട് വന്നാലുടൻ സർക്കാർ അതിൽ തീരുമാനം എടുക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു,” ഭക്ഷ്യ-കാർഷിക സംഘടനയുമായുള്ള ഇന്ത്യയുടെ ദീർഘകാല ബന്ധത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് 75 രൂപയുടെ സ്മാരക നാണയം പുറത്തിറക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.

സ്ത്രീകളുടെ ആരോഗ്യവും ശുചിത്വവും പരിപാലിക്കുന്നതിനായി സർക്കാർ സ്വീകരിച്ച നടപടികളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

“നമ്മുടെ പെൺമക്കളുടെ ക്ഷേമത്തിനായി സർക്കാർ ഉചിതമായ നടപടികൾ കൈക്കൊണ്ടിരിക്കുകയാണ്. ജൽ ജീവൻ മിഷനിലൂടെ എല്ലാ വീടുകളിലും വെള്ളം എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. 1 രൂപക്ക് സാനിറ്ററി പാഡ് നൽകുന്നു,” മോദി പറഞ്ഞു.

Read more

വിവാഹ പ്രായവും മാതൃത്വവും തമ്മിലുള്ള പരസ്പരബന്ധം പരിശോധിക്കാൻ ഒരു ദൗത്യ സേന രൂപീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ സെപ്റ്റംബർ 22- ന് വ്യക്തമാക്കിയിരുന്നു.