'ഉറ'കളുടെ പരസ്യം ഇനിമുതല്‍ പാതിരാത്രി മാത്രം

ഗര്‍ഭനിരോധന ഉറകളുടെ പരസ്യം പ്രേക്ഷകര്‍ കൂടുതലുള്ള പ്രൈടൈമില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് കേന്ദ്രവാര്‍ത്ത വിതരണ മന്ത്രാലയം. ഇത്തരം പരസ്യത്തിലൂടെ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നതില്‍ നിന്ന് കുട്ടികളെ ഒഴിവാക്കുന്നതിനാണ് രാവിലെ ആറുമുതല്‍ രാത്രി 10 വരെയുള്ള സമയത്ത് ഗര്‍ഭനിരോധന ഉറകളുടെ പരസ്യം പ്രദര്‍ശിപ്പിക്കരുതെന്ന് ഉത്തരവിറക്കിയത്.

രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ച ആറ് മണി വരെയുള്ള സമയത്ത് മാത്രം ഇനി ഉറകളുടെ പരസ്യം പ്രദര്‍ശിപ്പിച്ചാല്‍ മതിയെന്നാണ് ഉത്തരവില്‍ പറയുന്നത്. ഗര്‍ഭനിരോധന ഉറകളുടെ പരസ്യത്തിലൂടെ അശ്ലീലവും അനാവശ്യവുമായ വിവരങ്ങളും ദൃശ്യങ്ങളും കുട്ടികള്‍ കാണുന്നുവെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഉറകളുടെ പരസ്യം മുതിര്‍ന്നവരെ ഉദ്ദേശിച്ച് കൊണ്ടാവണമെന്നും ഇത് കുട്ടികള്‍ ടിവി കാണുന്ന പ്രൈംടൈമില്‍ കാണിക്കരുതെന്നും ചൂണ്ടിക്കാട്ടി അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണഗര്‍ഭനിരോധന ഉറകളുടെ പരസ്യങ്ങള്‍ പ്രക്ഷകര്‍ കൂടുതലുള്ള സമയത്ത് കാണിക്കേണ്ടെന്ന തീരുമാനമെന്നാണ് കേന്ദ്രമന്ത്രാലയത്തിന്റെ ന്യായീകരണം.

ഗുജറാത്തില്‍ നവരാത്രിയോടനുബന്ധിച്ച് മാന്‍ഫോഴ്‌സ് എന്ന കോണ്ടം കമ്പനി പരസ്യ ഹോര്‍ഡിങ്ങ് സ്ഥാപിച്ചിരുന്നു. സണ്ണി ലിയോണിനെ മോഡലാക്കിയുള്ള മാന്‍ഫോഴ്‌സിന്റെ പരസ്യ ഹോര്‍ഡിംഗുകള്‍ “”ഈ നവരാത്രി ആഘോഷിക്കൂ, സ്‌നേഹത്തോടെ.”” എന്ന അടിക്കുറിപ്പോടെ ഗുജറാത്തിലെ പ്രധാനനഗരങ്ങളില്‍ നിറഞ്ഞിരുന്നു. ഈ പരസ്യം സോഷ്യല്‍മീഡിയയിലും വ്യാപകമായി ഷെയര്‍ ചെയ്തിരുന്നു. ഇതിനെതിരെ പല ഹൈന്ദവസംഘടനകളും രംഗത്തെത്തുകയും പരസ്യ ഹോര്‍ഡിംഗുകള്‍ പലയിടത്തും കീറിനശിപ്പിക്കുകയും ചെയ്തിരുന്നു.