കെെക്കൂലിക്കേസ്; കാണ്‍പൂരിലെ ജിഎസ്ടി കമ്മീഷണര്‍ ഉള്‍പ്പടെ ഒമ്പത്‌ പേര്‍ അറസ്റ്റില്‍

കൈക്കൂലിക്കേസില്‍ ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ ജിഎസ്ടി കമ്മീഷണറടക്കം ഒമ്പത്‌ പേരെ സിബിഐ അറസ്റ്റ് ചെയ്തു. ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങളെ നടപടിയില്‍ നിന്ന് ഒഴിവാക്കാനായി സ്ഥാപന ഉടമകളില്‍ നിന്നും ജിഎസ്ടി കമ്മീഷണറും മറ്റ് ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്.

ഹവാല ഇടപാടുകാര്‍ വഴിയാണ് മാസാമാസം ഉദ്യോഗസ്ഥര്‍ പണം കൈപ്പറ്റിയതെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ പറയുന്നു. 1986 ഐആര്‍എസ് ബാച്ചിലെ സന്‍സാര്‍ ചന്ദ് എന്ന ഉദ്യോഗസ്ഥാനാണ് അറസ്റ്റിലായിരിക്കുന്നത്.നിലവില്‍ ഇദ്ദേഹം കാണ്‍പൂരിലെ ജിഎസ്ടി കമ്മീഷണറാണ്.ഇയാള്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് കൈക്കൂലി വാങ്ങുവാനായി മറ്റ് ഉദ്യോഗസ്ഥരെയും കമ്മീഷണര്‍ നിര്‍ബന്ധിച്ചിരുന്നതായും സിബിഐ പറയുന്നു.

കൈക്കൂലി നല്‍കിയ കമ്പിനികളെയും സിബിഐ കണ്ടെത്തിയിട്ടുണ്ട്. ശിഷു സോപ്പ് ആന്‍ഡ് കെമിക്കല്‍സ് എന്ന കമ്പനിയും, എസ്‌ഐആര്‍ മസാല, രിംഞ്ചിം ഇസ്പാട് ലിമിറ്റഡ് എന്ന കമ്പനികളുമാണ് കൈക്കൂലി നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിക്കൊണ്ടിരിക്കുകയാണ്.