പൊതുജനങ്ങള്‍ക്ക് ആശ്വാസകരമാകുന്ന തീരുമാനങ്ങളുമായി 53-ാമത് ജിഎസ്ടി (ചരക്ക് സേവന നികുതി) കൗണ്‍സില്‍ യോഗം.
ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ സേവനങ്ങളെ ജിഎസ്ടി പരിധിയില്‍നിന്ന് ഒഴിവാക്കി. പ്ലാറ്റ്ഫോം ടിക്കറ്റ്, റെയില്‍വേ സ്റ്റേഷനുകളിലെ കാത്തിരിപ്പ് മുറി, വിശ്രമമുറി, ക്ലോക്ക് റൂം എന്നീ സേവനങ്ങളെയാണ് ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കിയത്.
റെയില്‍വേ സ്റ്റേഷനുകളിലെ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ ഉപയോഗിക്കുന്നതിനും ജിഎസ്ടി ഈടാക്കില്ല.
ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിഎസ്ടി യോഗമാണ് പുതിയ തീരുമാനങ്ങള്‍ എടുത്തിരിക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം പ്രവര്‍ത്തിക്കുന്ന 20,000 രൂപയ്ക്ക് താഴെ വാടക ഈടാക്കുന്ന ഹോസ്റ്റലുകള്‍ക്കും ഇനി ജിഎസ്ടി ബാധകമാവില്ല. വിദ്യാര്‍ഥികള്‍ 90 ദിവസമെങ്കിലും ഉപയോഗിക്കുന്ന ഹോസ്റ്റലുകള്‍ക്കാണ് നികുതിയിളവ് ബാധകം.
സോളാര്‍ കുക്കറുകള്‍ക്കും പാല്‍ കാനുകള്‍ക്കും 12 ശതമാനം ഏകീകൃത ജിഎസ്ടി നിരക്കാക്കും. ഓഗസ്റ്റ് പകുതിയോടെ ജിഎസ്ടി കൗണ്‍സിലിന്റെ അടുത്ത യോഗം ചേരുമെന്ന് മന്ത്രി പറഞ്ഞു.