ജിഎസ്ടി; 29 കരകൗശല വസ്തുക്കളെ നികുതിയില്‍ നിന്ന് ഒഴിവാക്കി, റിയല്‍ എസ്റ്റേറ്റ് മേഖലയെ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനമായില്ല

ചരക്ക് സേവന നികുതിയില്‍ 49 ഉല്പന്നങ്ങളുടെ നികുതി നിരക്ക് ജി എസ് ടി കൗണ്‍സില്‍ കുറച്ചു. ഇന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 29 കരകൗശലവസ്തുക്കളെ നികുതിയില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കി. റിയല്‍ എസ്റ്റേറ്റിനെ നികുതില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമായില്ല.കേന്ദ്ര ബജറ്റിന് മുന്നോടിയായി നിരക്കുകള്‍ കുറയ്ക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

ടൂറിസം രംഗത്തെ ജി എസ് ടി സംബന്ധിച്ച് കേരളവും ഗോവയും മുന്നോട്ട് വച്ച് കാര്യങ്ങള്‍ അടുത്ത ജി എസ് ടി കൗണ്‍സിലില്‍ തീരുമാനിക്കുമെന്ന് യോഗത്തിന് ശേഷം ധനമന്ത്രി ടി എം തോമസ് ഐസക്ക് മാധ്യമങ്ങളോട് പറഞ്ഞു. പരിഷ്‌കരിച്ച നികുതി നിരക്കുകള്‍ ജനുവരി 25 മുതല്‍ നിലവില്‍ വരും.

ഇ-വെ ബില്‍ സംവിധാനം മാര്‍ച്ച് ഒന്നുമുതല്‍ പൂര്‍ണമായും നടപ്പാക്കും. ഡീസല്‍, പെട്രോള്‍ എന്നിവ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുന്ന കാര്യം അടുത്ത കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യും. അടുത്ത കൗണ്‍സില്‍ യോഗം പത്ത് ദിവസത്തിനകം ചേരും.

ജിഎസ്ടി കൗണ്‍സിലിന്റെ അടുത്ത യോഗം ജിഎസ്ടി റിട്ടേണ്‍ ഫോമുകള്‍ കൂടുതല്‍ ലഘൂകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ജിഎസ്ടി വരുമാനമായി ലഭിച്ച 35,000 കോടി രൂപ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കായി വിഭജിച്ചു നല്‍കുവാനും ജിഎസ്ടി കൗണ്‍സിലില്‍ ധാരണയായിട്ടുണ്ട്.