ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 19 ജില്ലകളിലെ 89 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 788 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. രണ്ടാംഘട്ടം ഡിസംബര്‍ 5നു നടക്കും. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.
ബിജെപിയും കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മിലെ ത്രികോണ മത്സരമാണ് ഗുജറാത്തില്‍. ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇസുദാന്‍ ഗഡ് വിയും, പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും അടക്കം പ്രമുഖര്‍ ആദ്യ ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്.
പ്രതിപക്ഷമായ കോണ്‍ഗ്രസിന് ഏറെ പ്രതീക്ഷയുള്ള സൗരാഷ്ട്ര-കച്ച് മേഖല ആദ്യഘട്ടത്തിലാണ് പോളിങ് ബൂത്തിലെത്തുന്നത്. 48 മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന സൗരാഷ്ട്രയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ജീവന്‍മരണ പോരാട്ടമാണ്.
ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിബാബ മത്സരിക്കുന്ന ജാം നഗര്‍ നോര്‍ത്ത്, തൂക്കുപാലം തകര്‍ന്നു ദുരന്തം ഉണ്ടായ മോര്‍ബി എന്നിങ്ങനെ ശ്രദ്ധേയമായ മത്സരം നടക്കുന്ന നിരവധി മണ്ഡലങ്ങള്‍ ആദ്യഘട്ടത്തിലുണ്ട്.