ഗുജറാത്ത് തെരഞ്ഞെടുപ്പ്; വോട്ടിങ് യന്ത്രത്തില്‍ ബ്ലൂടൂത്ത് ഉപയോഗിച്ച് ബിജെപി ക്രമക്കേടു നടത്തിയെന്ന് കോണ്‍ഗ്രസ്; ഇതുവരെ 70 ശതമാനം പോളിംഗ്

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. വോട്ടിങ് യന്ത്രത്തില്‍ ബ്ലൂ ടൂത്ത് സംവിധാനം ഉപയോഗിച്ച് ബിജെപി ക്രമക്കേടു നടത്തിയെന്നാണ് ആരോപണം. ഗുജറാത്തില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന പോര്‍ബന്ദര്‍, സൂറത്ത്, ജെത്പുര്‍, നവസാരി എന്നിവിടങ്ങളിലാണ് ഇത്തരത്തിലുള്ള ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഗുജറാത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍ മോദ്വാഡിയ ആണ് ആരോപണവുമായി രംഗത്തെത്തിയത്. സംഭവത്തെക്കുറിച്ച് അദ്ദേഹം രേഖാമൂലം തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുകയും ചെയ്തു.

പട്ടേല്‍ സമുദായത്തിന് വ്യക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളിലാണ് വോട്ടിങ് മെഷീനുകള്‍ വ്യാപകമായി തകരാറിലാകുന്നതെന്നും മാറ്റിവെക്കുന്ന യന്ത്രങ്ങള്‍ വൈഫൈയും ബ്ലൂടൂത്തും ഘടിപ്പിക്കാന്‍ സാധിക്കുന്നവയാണെന്നുമാണ് പരാതിയില്‍ പറയുന്നത്. മൊബൈല്‍ ഫോണിലെ ബ്ലൂടൂത്ത് ഓണാക്കിയപ്പോഴാണ് ലിസ്റ്റു ചെയ്തു വന്ന സമീപ ഉപകരണങ്ങളിലൊന്ന് “ഇസിഒ 105” എന്നു കാണിച്ചത്. ഇത് വോട്ടിങ് യന്ത്രമാണെന്നാണ് പരാതി. മോദ്വാഡിയയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി തിരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചു.

ആരോപണം ഉയര്‍ന്ന സ്ഥലങ്ങളില്‍ വോട്ടിങ് മെഷീനുകള്‍ മാറ്റിസ്ഥാപിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അതേസമയം, തോല്‍വി ഉറപ്പാക്കിയ കോണ്‍ഗ്രസ് മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. അതേസമയം പോളിംഗ് 70 ശതമാനം ആയി. നിരവധി പേര്‍ ഇപ്പോഴും പോളിംഗ് ബൂ്ത്തില്‍ ക്യു നില്‍ക്കുകയാണ്