ഗുജറാത്തില്‍ രംഗം കൊഴുക്കുന്നു; ബിജെപിക്കെതിരേ പടുകൂറ്റന്‍ റാലി നടത്തി ഹാര്‍ദിക് പട്ടേല്‍; രണ്ടാംഘട്ട പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

ഗുജറാത്ത് തിരഞ്ഞെടുപ്പ് രണ്ടാംഘട്ട പരസ്യ പ്രചരണം ഇന്ന് അവസാനിക്കാനിരിക്കെ അഹമ്മദാബാദില്‍ പതിനായിരങ്ങളെ പങ്കെടുപ്പിച്ച് ബിജെപിക്കെതിരെ ഹാര്‍ദിക് പട്ടേലിന്റെ പടുകൂറ്റന്‍ റാലി. കഴിഞ്ഞ ആഴ്ച സൂറത്തില്‍ ഏഴുപതിനായിരത്തിലധികം പേരെ അണിനിരത്തി ശക്തി തെളിയിച്ച ഹാര്‍ദിക് അഹമ്മദാബാദിലും ഇതാവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ്.

ജിഎസ്ടിയും നോട്ടു നിരോധനവും ഗുജറാത്തിലെ ബിജെപി ഭരണത്തിന അന്ത്യം കുറിക്കുമെന്നും ആദ്യഘട്ടം വോട്ടെടുപ്പ് നടന്ന 89 എണ്ണത്തില്‍ 60 സീറ്റ് കോണ്‍ഗ്രസിന് കിട്ടുമെന്നും ഹാര്‍ദിക് വ്യക്തമാക്കി. അഹമ്മദാബാദ് ഒഴികെയുള്ള വിവിധ സ്ഥലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കോണ്‍ഗ്രസ് നിയുക്ത അധ്യഷന്‍ രാഹുല്‍ ഗാന്ധിയും പ്രസംഗിക്കും. അഹമ്മദാബാദില്‍ ഇന്ന് നടത്താനിരുന്ന റോഡ് ഷോയ്ക്ക് ബിജെപിക്കും കോണ്‍ഗ്രസിനും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല.

മധ്യഗുജറാത്തിലും വടക്കന്‍ ഗുജറാത്തിലുമുള്ള 14 ജില്ലകളിലെ 93 മണ്ഡലങ്ങളാണ് രണ്ടാം ഘട്ടത്തില്‍ വിധിയെഴുതുന്നത്. മറ്റെന്നാളാണ് വോട്ടെടുപ്പ്. ബി ജെ പിക്കും കോണ്‍ഗ്രസ്സിനും ഒരു പോലെ സ്വാധീനമുള്ള മേഖലകളാണ് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നതില്‍ അധികവും. 17 മണ്ഡലങ്ങളുള്ള അഹമ്മാദബാദ് ജില്ലയിലുണ്ടായിരുന്ന മേല്‍ക്കൈ ഇത്തവണ നഷ്ടമാകുമോ എന്ന ആശങ്ക ബിജെപിക്കുണ്ട്. അഹമ്മദാബാദില്‍ നടത്താനിരുന്ന റോഡ് ഷോകള്‍ സുരക്ഷാ കാരണങ്ങളും ക്രമസമാധാനപ്രശ്‌നവും ചുണ്ടിക്കാട്ടി അനുമതി നിഷേധിച്ച സാഹചര്യത്തില്‍ മറ്റു മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഇരുവരും ഇന്ന് പ്രചരാണം നടത്തുക.

തെരെഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസ് പാക്കിസ്ഥാന്റെ പിന്തുണ തേടിയെന്ന പ്രധാനമന്ത്രിയുടെ ആരോപണം വിവാദമായിരുന്നു. എന്നാല്‍ ഇതിന് മറുപടിയായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രംഗത്തു വരികയും മോഡിയുടെ ആരോപണത്തെ പൊളിച്ചടുക്കുകയും ചെയ്തിരുന്നു.

ഈ വിഷയമാകും  കോണ്‍ഗ്രസ്സും ബിജെപിയും ഇന്ന് പ്രചരണ ആയുധമാക്കുകയെന്നാണ് വിലയിരുത്തലുകള്‍.  ആരോപണത്തില്‍ പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രസ്ഥാപനയോട് മോഡി എങ്ങനെ പ്രതികരിക്കുമെന്നും ഇന്നറിയാം.