ഗുജറാത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണകക്ഷിയായ ബിജെപി ആധിപത്യം പുലർത്തുന്നു. ഞായറാഴ്ചയായിരുന്നു വോട്ടെടുപ്പ്. 81 മുനിസിപ്പാലിറ്റികളിൽ ഭൂരിഭാഗത്തിലും ബി.ജെ.പിയാണ് ലീഡ് ചെയ്യുന്നത്. ജില്ലാ പഞ്ചായത്തുകളിലും താലൂക്ക് പഞ്ചായത്തുകളിലും ഏറ്റവും അടുത്ത എതിരാളിയായ കോൺഗ്രസിനേക്കാൾ ഏറെ മുന്നിലാണ് ബി.ജെ.പി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മനാടായ ഗുജറാത്തിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം തുടരുമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. 81 മുനിസിപ്പാലിറ്റികളിൽ 67 എണ്ണത്തിലും ബിജെപി മുന്നിലാണ്. കോൺഗ്രസ് രണ്ടെണ്ണത്തിൽ നേട്ടം കൈവരിച്ചു. അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി (എഎപി) ഒരു സീറ്റോടെ അക്കൗണ്ട് തുറന്നു.
31 ജില്ലാ പഞ്ചായത്തുകളിൽ 30 എണ്ണത്തിൽ ബിജെപി മുന്നിലാണ്. 231 താലൂക്ക് പഞ്ചായത്തുകളിൽ 158 ൽ ബിജെപി മുന്നിലാണ്, ഏഴ് എണ്ണത്തിൽ കോൺഗ്രസ് മുന്നിലാണ്. ഭാവ് നഗർ, അമ്രേലി എന്നിവിടങ്ങളിലെ ചില ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ ആം ആദ്മി പാർട്ടി മുന്നിലാണ്. മൊത്തം 8,474 സീറ്റുകളിൽ 8,235 സീറ്റുകളിൽ തിരഞ്ഞെടുപ്പ് നടന്നു, ബാക്കി ഇടങ്ങളിൽ എതിരില്ലായിരുന്നു.
കഴിഞ്ഞയാഴ്ച അഹമ്മദാബാദ്, സൂററ്റ്, രാജ്കോട്ട്, വഡോദര, ഭാവ് നഗർ, ജാംനഗർ എന്നീ മുനിസിപ്പൽ കോർപ്പറേഷനുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ 576 സീറ്റുകളിൽ 483 എണ്ണം ബിജെപി നേടി. കോൺഗ്രസിന് തിരിച്ചടി നൽകി 27 സീറ്റുകൾ നേടിയാണ് ആം ആദ്മി പാർട്ടി സൂറത്തിൽ സാന്നിധ്യം രേഖപ്പെടുത്തിയത്. സൂറത്തിൽ കോൺഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചില്ല.