ഭക്ഷണത്തിന്റെ പേരില്‍ പോര്; മത്സ്യവും മാംസവും കഴിച്ചതിന് അധിക്ഷേപം; മുംബൈയില്‍ ഗുജറാത്തി-മറാത്തി ഏറ്റുമുട്ടല്‍

മഹാരാഷ്ട്രയില്‍ ഭക്ഷണത്തിന്റെ പേരില്‍ ഗുജറാത്തി-മറാത്തി വിഭാഗങ്ങള്‍ ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ടുകള്‍. മുംബൈയിലെ ഘാട്‌കോപ്പറിലാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. മുംബൈയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ മറാത്തി വംശജര്‍ മത്സ്യവും മാംസവും കഴിച്ചതിന്റെ പേരില്‍ ഗുജറാത്ത് സ്വദേശികള്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് സംഘര്‍ഷമുണ്ടായത്.

ഇരുവിഭാഗം ആളുകളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ വീഡിയോയും ഇതോടകം പുറത്തുവന്നിട്ടുണ്ട്. മറാത്തികളെ വൃത്തിക്കെട്ടവരെന്ന് വിളിച്ച് എംഎന്‍എസ് നേതാവ് രാജ് പാര്‍ട്ടെ അധിക്ഷേപിക്കുന്നതും വിഡിയോയിലുണ്ട്. ഭക്ഷണത്തെ ചൊല്ലിയുള്ള സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

ഭക്ഷണത്തെ ചൊല്ലി മറാത്ത വംശജരെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന പ്രവര്‍ത്തകര്‍ ഗുജറാത്തികളെ ആക്രമിച്ചു. വീടിനുള്ളില്‍ മത്സ്യവും മാംസവും പാചകം ചെയ്യരുതെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പുറത്തുനിന്നാണ് മറാത്തി കുടുംബങ്ങള്‍ ഭക്ഷണം കഴിച്ചത്.

സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാര്‍ക്ക് പരാതിയില്ലെന്ന് അറിയിച്ചതോടെ സംഭവത്തില്‍ കേസെടുത്തിട്ടില്ല. മറാത്തികള്‍ക്ക് ഭക്ഷണത്തിന്റെ പേരില്‍ അപ്പാര്‍ട്ട്‌മെന്റുകളില്‍ വിവേചനം നേരിടേണ്ടിവരുന്നുവെന്ന് എംഎന്‍എസും ശിവസേനയും നേരത്തെ ആരോപിച്ചിരുന്നു.