മുത്തലാഖ് ബില്‍; മുസ്ലിം കുടുംബങ്ങള്‍ക്ക് വലിയ ദ്രോഹം ചെയ്യുമെന്ന് ഗുലാം നബി ആസാദ്

മുത്തലാഖ് ബില്‍ ഫലത്തില്‍ മുസ്ലിം കുടുംബങ്ങള്‍ക്കു വലിയ ദ്രോഹം ചെയ്യുമെന്നു രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്. മുസ്ലിം വനിതകളെ സഹായിക്കാനാണെന്നു പറഞ്ഞാണ് മുത്തലാഖ് ബില്‍ കൊണ്ടുവരുന്നതെങ്കിലും ഇത് മുസ്‌ലീങ്ങള്‍ക്ക് ദ്രോഹം ചെയ്യും. തല്‍ക്ഷണ മുത്തലാഖ് മതപരമോ നിയമപരമോ അല്ലെന്നതു ശരിയാണ്. പക്ഷേ അത് ക്രിമിനല്‍ കുറ്റമാക്കുന്നത് അംഗീകരിക്കാനാകില്ല. വിവാഹമെന്നതു സിവില്‍ കരാറാകുമ്പോള്‍ വിവാഹമോചനം എങ്ങനെ ക്രിമിനല്‍ കുറ്റമാകുമെന്ന് അദ്ദേഹം ചോദിച്ചു.

മുത്തലാഖ് ചൊല്ലുന്ന ഭര്‍ത്താവിനു മൂന്നുവര്‍ഷം തടവ്ശിക്ഷ വിധിക്കണമെന്നു ബില്ലില്‍ നിര്‍ദേശിക്കുന്നു. ഇതോടൊപ്പം ഭര്‍ത്താവ് ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു നല്‍കണമെന്നും വ്യവസ്ഥയുണ്ട്. ഇതു സാമാന്യബുദ്ധിക്കു നിരക്കാത്തതാണ്. ഭര്‍ത്താവിന്റെ മൂന്നുവര്‍ഷത്തെ തടവുകാലത്തു ഭാര്യയ്ക്കും മകള്‍ക്കും ചെലവിനുനല്‍കേണ്ട ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുമോയെന്നു വ്യക്തമാക്കണമെന്നും ആസാദ് പറഞ്ഞു.

മുത്തലാഖ് ബില്‍ പിന്‍വലിക്കണമെന്ന് മുസ്‌ലിം വ്യക്തിനിയമബോര്‍ഡും ആവശ്യപ്പെട്ടിരുന്നു. യാതൊരു കൂടിയാലോചനയും നടത്താതെ ഏകപക്ഷീയമായാണ് കേന്ദ്രസര്‍ക്കാര്‍ ബില്‍ കൊണ്ടുവരുന്നതെന്നായിരുന്നു വ്യക്തിഗത ബോര്‍ഡിന്റെ ആരോപണം. മുസ്്‌ലിം സമുദായത്തിനും സ്ത്രീകള്‍ക്കും എതിരാണ് ബില്ലിലെ വ്യവസ്ഥകളെന്നും മുത്തലാഖ് ചൊല്ലുന്ന ഭര്‍ത്താവിന് മൂന്നുമാസം തടവ് വിധിക്കുമെന്ന വ്യവസ്ഥ അംഗീകരിക്കില്ലെന്നുമാണ് ബോര്‍ഡിന്റെ നിലപാട്.