ഫെബ്രുവരി 16 ന് ഗുരു രവിദാസ് ജയന്തി പ്രമാണിച്ച് പഞ്ചാബിലെ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിച്ച് ബിജെപി. നേരത്തെ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയും ഇതേകാര്യം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.
നിലവിൽ, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 14 ന് ഒറ്റ ഘട്ടമായി നടക്കാനിരിക്കുകയാണ്, മാർച്ച് 10 ന് ഫലം പുറത്തുവരും. തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന മുഖ്യമന്ത്രി ചന്നിയുടെയും ബിജെപിയുടെയും അഭ്യർത്ഥനയോട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഗുരു രവിദാസ് ജയന്തിക്ക് ഉത്തർപ്രദേശിലെ വാരണാസിയിലേക്ക് പോകുന്ന ഭക്തർക്ക് വോട്ട് ചെയ്യാൻ അവസരം ഒരുക്കുന്നതിന് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് കുറഞ്ഞത് ആറ് ദിവസമെങ്കിലും മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച മുഖ്യമന്ത്രി ചന്നി തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയിരുന്നു.
പട്ടികജാതി സമുദായത്തിന്റെ പ്രതിനിധികളാണ് വിഷയം തന്റെ ശ്രദ്ധയിൽപ്പെടുത്തിയതെന്ന് പഞ്ചാബിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിന്റെ മുഖ്യമന്ത്രി ചന്നി പറഞ്ഞു. 2022 ഫെബ്രുവരി 10 മുതൽ ഫെബ്രുവരി 16 വരെ ഉത്തർപ്രദേശിലെ വാരണാസിയിൽ 20 ലക്ഷത്തോളം പട്ടിക ജാതി വിഭാഗക്കാരായ ഭക്തർ എത്തുമെന്ന് അദ്ദേഹം പറഞ്ഞു.
“മേൽപ്പറഞ്ഞ പശ്ചാത്തലത്തിൽ, 20 ലക്ഷത്തോളം ആളുകൾക്ക് അവരുടെ വോട്ടവകാശം വിനിയോഗിക്കാൻ പ്രാപ്തരാക്കുന്നതിനായി വോട്ടെടുപ്പ് കുറഞ്ഞത് ആറ് ദിവസത്തേക്കെങ്കിലും മാറ്റിവെക്കുന്നത് ന്യായവും ഉചിതവുമായിരിക്കും… തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത് അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” മുഖ്യമന്ത്രി ചന്നി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്രയ്ക്ക് എഴുതിയ കത്തിൽ പറഞ്ഞു.
ഈ വർഷം ഫെബ്രുവരി 16ന് ഗുരു രവിദാസ് ജയന്തി ആഘോഷിക്കും. ഈ ദിവസം സന്യാസി ഗുരു രവിദാസിന്റെ 645-ാം ജന്മവാർഷികമാണ്.
ഗുരു രവിദാസ് ഭക്തി പ്രസ്ഥാനത്തിന്റെ അറിയപ്പെടുന്ന ഒരു സന്യാസിയായിരുന്നു. രവിദാസിന്റെ 40 ഓളം കവിതകൾ വിശുദ്ധ സിഖ് ഗ്രന്ഥമായ ആദി ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജാതീയമായ വിവേചനം ഇല്ലാതാക്കാൻ അദ്ദേഹം സജീവമായി പ്രവർത്തിച്ചിരുന്നു. ഗുരു രവിദാസ് ജയന്തി ദിനത്തിൽ, മതപരമായ ആചാരങ്ങളുടെ ഭാഗമായി ഭക്തർ നദിയിൽ പുണ്യസ്നാനം ചെയ്യുന്നു.