രാജ്യത്ത് എച്ച്3 എന്‍2 മരണങ്ങള്‍ സ്ഥിരീകരിച്ചതിന് പിന്നാലെ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അടിയന്തര യോഗം വിളിച്ചു. സ്വീകരിക്കേണ്ട നടപടികള്‍ കൂടിയാലോചിക്കുന്നതിനായി ചേര്‍ന്ന യോഗത്തില്‍ പരിശോധന വ്യാപിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി.
എച്ച്3 എന്‍2 വൈറസ് ബാധ മൂലം ഹരിയാനയിലും കര്‍ണാടകയിലുമായി രണ്ട് പേരാണ് മരണപ്പെട്ടത്. രാജ്യത്ത് ആദ്യമായാണ് എച്ച്3എന്‍2 ബാധിച്ച് മരണം സംഭവിക്കുന്നത്. രാജ്യത്താകമാനം മാര്‍ച്ച് 9 വരെ 3,038 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
എട്ട് പേര്‍ക്ക് എച്ച്1എന്‍1 ബാധയും സ്ഥിരീകരിച്ചിട്ടുണ്ട്.കര്‍ണാടകയിലെ ഹാസന്‍ ജില്ലയില്‍ മാര്‍ച്ച് ഒന്നിന് മരിച്ച രോഗിക്കാണ് എച്ച്3എന്‍2 വൈറസ് ആദ്യം സ്ഥിരീകരിച്ചത്. 87 വയസ്സുകാരനായ ഹിരേ ഗൗഡയാണ് വൈറസ് ബാധ മൂലം മരിച്ചത്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അടക്കമുള്ള അസുഖങ്ങള്‍ ഹിരേ ഗൗഡയ്ക്ക് ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
‘ഹോങ്കോങ് ഫ്ലു’ എന്നാണ് എച്ച് 3 എന്‍ 2 അറിയപ്പെടുന്നത്. കോവിഡിനു സമാനമായ ലക്ഷണങ്ങളാണ് എച്ച്3എന്‍2, എച്ച്1എന്‍1 എന്നിവയ്ക്കുമുള്ളത്. കോവിഡ് ഭീഷണിയില്‍നിന്നു ലോകം മുക്തമായി വരുമ്പോള്‍ ഇന്‍ഫ്ലുവന്‍സ പടരുന്നത് ജനങ്ങളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇന്‍ഫ്ലുവന്‍സ എ വൈറസിന്റെ സബ് ടൈപ്പാണ് എച്ച്3എന്‍2.
ഇത് പ്രധാനമായും ശ്വാസകോശ അണുബാധയുണ്ടാക്കുന്നു. ചുമക്കുമ്പോഴും തുമ്മുമ്പോഴും അടുത്തിടപഴകുമ്പോഴുമാണ് വൈറസ് പകരുന്നത്. വൈറസുള്ള പ്രതലം സ്പര്‍ശിച്ച കൈകള്‍ വൃത്തിയാക്കാതെ മൂക്കും വായയും തൊട്ടാലും രോഗം ബാധിക്കാം. ചുമ, പനി, ഓക്കാനം, ഛര്‍ദി, തൊണ്ട വേദന, ശരീര വേദന, വയറിളക്കം, തുമ്മലും മൂക്കൊലിപ്പും എന്നിവയാണ് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍.