തന്റെ അച്ഛന്‍ കരുണാനിധി ആയിരുന്നെങ്കില്‍ ജയിക്കുമായിരുന്നു; ലക്ഷ്യം നിയമസഭ തിരഞ്ഞെടുപ്പെന്ന് കെ അണ്ണാമലൈ

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലുണ്ടായ തിരിച്ചടിയില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ. തമിഴ്‌നാട്ടില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാന്‍ കഴിയാത്തത് പരാജയമായി കാണുന്നില്ലെന്നും ഇപ്പോള്‍ ആത്മവിശ്വാസം വര്‍ദ്ധിച്ചെന്നും സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ പറഞ്ഞു.

തങ്ങളുടെ ലക്ഷ്യം 2026ല്‍ തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പാണ്. ഒഡിഷയില്‍ ബിജെപി നേടിയ വിജയത്തിന് സമാനമായി തമിഴ്‌നാട്ടിലും ബിജെപി അധികാരം പിടിക്കുമെന്നും അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനം ഭരിച്ച പാര്‍ട്ടിയ്ക്ക് പോലും തമിഴ്‌നാട്ടില്‍ കെട്ടിവച്ച കാശ് നഷ്ടമായതായും ബിജെപി അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.

Read more

തമിഴ്‌നാട്ടില്‍ കൊറോണയ്ക്ക് ശേഷം ഒരു പാര്‍ട്ടിയും അധികാരം നിലനിറുത്തിയിട്ടില്ല. ബിജെപിയെ സംസ്ഥാനത്ത് ശക്തിപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്നും അണ്ണാമലൈ വ്യക്തമാക്കി. തന്റെ പിതാവ് കരുണാനിധി ആയിരുന്നെങ്കില്‍ താനും ജയിക്കുമായിരുന്നു. എന്നാല്‍ തന്റെ അച്ഛന്‍ ഒരു കര്‍ഷകനാണ്. സമയമെടുത്ത് കാര്യങ്ങള്‍ ചെയ്യണമെന്നാണ് പിതാവ് തന്നെ പഠിപ്പിച്ചതെന്നും അണ്ണാമലൈ പറഞ്ഞു.